കോഴിക്കോട്: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ കോഴിക്കോട് വിലങ്ങാട് നിർമാണ പ്രവർത്തികൾക്ക് വിലക്ക് ഏർപ്പെടുത്തിയതോടെ ദുരിതത്തിലായി പ്രദേശവാസികൾ. ഉരുൾപൊട്ടലിൽ വാസയോഗ്യമല്ലാതായ വീടിന് പകരം വീട് നിർമിക്കാൻ തയ്യാറെടുപ്പ് നടത്തിയവരുടെ വീട് നിർമാണം നിലച്ചു. ഉരുൾപൊട്ടലിൽ തകർന്ന റോഡ് നിർമാണ പ്രവർത്തികളെയും വിലക്ക് ബാധിച്ചതായി പരാതിയുണ്ട്. വിലങ്ങാട് മലയോരം ഉൾപ്പെടുന്ന വാണിമേൽ പഞ്ചായത്തിലെ 9, 10, 11 വാർഡുകളിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് ജില്ലാ കലക്ടർ വിലക്ക് ഏർപ്പെടുത്തിയത്.
പ്രദേശത്ത് കനത്ത നാശം വിതച്ച് കഴിഞ്ഞ ജൂലൈ 30നുണ്ടായ ഉരുൾപൊട്ടലിൽ വിലങ്ങാട്ടെ കുടിപ്പാറ തോമസ് ജോർജ്ജിൻറെ വീടും വാസയോഗ്യമല്ലാതായിരുന്നു. തോമസും കുടുംബവും നിരവധി ദിവസം ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞു. പിന്നീട് അപകടാവസ്ഥയിലുള്ള വീട്ടിൽ തന്നെയായി താമസം. സർക്കാറിൻ്റ ദുരിത ബാധിതരുടെ ലിസ്റ്റിലും തോമസും കുടുംബവും ഉൾപ്പെട്ടില്ല. സ്ഥലം എംപി ഷാഫി പറമ്പിൽ നിർമിച്ച് നൽകുമെന്ന് പ്രഖ്യാപിച്ച 20 വീടുകളിൽ തോമസ് ജോർജ് ഉൾപ്പെട്ടു. വീട് നിർമ്മാണ പ്രവർത്തി തുടങ്ങുന്നതിന് മുന്നോടിയായി തന്റെ കൃഷി സ്ഥലത്തെ മരങ്ങൾ മുറിച്ച് മാറ്റിയും പാറ പൊട്ടിച്ചും സ്ഥലമൊരുക്കിയപ്പോഴാണ് നിർമാണ പ്രവർത്തി തടഞ്ഞുള്ള ജില്ലാഭരണകൂടത്തിൻറെ ഉത്തരവ് വന്നതെന്ന് തോമസ് ജോർജ് പറഞ്ഞു.