പത്തനംതിട്ട : അന്തരിച്ച നഗരസഭാ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷയും 15-ാം വാർഡ് കൗൺസിലറുമായിരുന്ന എ.ജി ഇന്ദിരാമണിയമ്മയ്ക്ക് അർഹമായ സ്മാരകം ഒരുക്കാൻ നഗരസഭാ കൗൺസിൽ ഐകകണ്ഠേന തീരുമാനിച്ചു. വ്യക്തി താൽപര്യങ്ങൾക്ക് അതീതമായി സാമൂഹ്യ താൽപര്യം ഉയർത്തിപ്പിടിച്ച് ജനപ്രതിനിധി എന്ന നിലയിൽ അവർ നടത്തിയ മാതൃകാപരമായ പ്രവർത്തനവും സമൂഹത്തിലെ വിവിധ തുറകളിൽപ്പെട്ടവർക്ക് നൽകിയ കലർപ്പില്ലാത്ത സ്നേഹവും കൗൺസിൽ അംഗങ്ങൾ അനുസ്മരിച്ചു. 40 വർഷം അധ്യാപിക എന്ന നിലയിൽ സമർപ്പിത സേവനം നടത്തിയ അങ്കണവാടിയിലുൾപ്പെടെ വിവിധ ഇടങ്ങളിൽ ഇന്ദിരാമണിയമ്മയുടെ സ്മാരകം ഉയർത്തണമെന്ന് അംഗങ്ങൾ നിർദ്ദേശിച്ചു.
നിയമപരമായ സാധ്യതകൾ പരിശോധിച്ച് മുന്നോട്ടു പോകാനും യോഗം തീരുമാനിച്ചു. നഗരസഭാ ചെയർമാന്റെ അധ്യക്ഷതയിൽ കൗൺസിൽ ഹാളിൽ അനുശോചന യോഗം ചേർന്നു. അഡ്വ.ടി സക്കീർ ഹുസൈൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ ആമിന ഹൈദരാലി, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ ആർ അജിത് കുമാർ, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജറി അലക്സ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷമീർ എസ്, പ്രതിപക്ഷ നേതാവ് എ ജാസിംകുട്ടി തുടങ്ങി എല്ലാ കൗൺസിൽ അംഗങ്ങളും ഇന്ദിരാമണിയമ്മയുടെ മാതൃകാപരമായ പൊതുപ്രവർത്തനത്തെയും സ്നേഹോഷ്മളമായ വ്യക്തി ജീവിതത്തെയും യോഗത്തിൽ അനുസ്മരിച്ചു.