ലഖ്‌നൗ : ഓൺലൈനിൽ പല സാധനങ്ങളും വാങ്ങുന്നവരാണ് നമ്മൾ. ഫ്ലിപ് കാർട്ടും ആമസോണുമടക്കം നിരവധി പ്ലാറ്റ്ഫോമുകളിൽ നിന്ന് സാനങ്ങൾ ഓർഡർ ചെയ്ത് അബദ്ധം പറ്റുന്നവരുണ്ട്. ഇവിടെയൊക്കെ പ്രൊഡക്റ്റ്സ് തിരിച്ചയക്കാനോ, പരാതിപ്പെടാനോ ഒക്കെ വഴികൾ പലതുണ്ട്. എന്നാൽ ഓൺലൈനിൽ കണ്ട പരസ്യത്തിന്‍റെ അടിസ്ഥാനത്തിൽ ഒരു എരുമയെ ഓർഡർ ചെയ്ത് പണി കിട്ടിയിരിക്കുകയാണ് ഒരു കർഷകന്. യുപി യിലെ റായ്ബറേലിയിലെ ക്ഷീരകർഷകനായ സുനിൽ കുമാർ ആണ് തട്ടിപ്പിനിരയായത്.
റായ്ബറേലിയിലെ ക്ഷീര കർഷകനാണ് സുനിൽ കുമാർ. സ്വന്തമായി ഒരു ഫാമും കന്നുകാലികളുമൊക്കെയുള്ള സുനിൽ കുമാർ അടുത്തിടെ ഓൺലൈനിൽ ഒരു പരസ്യം കണ്ടു. ദിവസവും 18 ലിറ്റർ വരെ പാൽ ലഭിക്കുന്ന എരുമ, വില വെറും 55000 രൂപ മാത്രം. വീഡിയോയിലെ വിശേഷണങ്ങൾ കണ്ട് സുനിൽ കുമാർ ഒരു എരുമയെ സ്വന്തമാക്കാൻ ആഗ്രഹിച്ചു. ഓൺലൈൻ പരസ്യത്തിൽ കൊടുത്ത നമ്പറിൽ ബന്ധപ്പെട്ടു. ജയ്പൂർ ആസ്ഥാനമായുള്ള വ്യവസായിയായ ശുഭം എന്നയാളാണെന്നും തന്‍റെ പക്കലാണ് എരുമയുള്ളതെന്നും ഫോൺ എടുത്തയാള്‍ കൂട്ടിച്ചേർത്തു.
തുടർന്ന് എരുമയുടെ വീഡിയോ സുനിൽ കുമാറിന് ശുഭം അയച്ച് കൊടുക്കുകയും ചെയ്തു. നല്ല ഇനത്തിലുള്ള എരുമായണിതെന്നും ദിവസവും 18-20 ലിറ്ററോളം പാൽ ലഭിക്കുമെന്നും ശുഭം സുനിൽ കുമാറിനെ വിശ്വസിപ്പിച്ചു. എരുമയ്ക്ക് 55,000 രൂപയാണെന്നും 10,000 രൂപ അഡ്വാൻസ് നൽകണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. തുടർന്ന് സുനിൽ കുമാർ ശുഭം നൽകിയ ഗൂഗിൾ പേ നമ്പറിലേക്ക് 10000 രൂപ അയച്ചു. തൊട്ടടുത്ത ദിവസം എരുമയെ വാഹനത്തിൽ വീട്ടിലെത്തിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ രണ്ട് ദിവസമായിട്ടും എരുമ എത്തിയില്ല. തുടർന്ന് സുനിൽ ശുഭത്തെ ഫോൺ ചെയ്ത് എരുമ എത്തിയില്ലെന്ന് അറിയിച്ചു. ഇതോടെ 25000 രൂപ കൂടി തന്നാലെ എരുമയെ എത്തിക്കാനാവൂ എന്ന് ശുഭം വ്യക്തമാക്കി.
എന്നാൽ ഇനി പണം തരാനാകില്ലെന്നും എരുമ എത്തിയിട്ട് മുഴുവൻ പണവും ഒരുമിച്ച് നൽകാമെന്നും സുനിൽ കുമാർ അറിയിച്ചു. ഇതോടെ എരുമയെ വിൽക്കാമെന്ന് പറഞ്ഞയാള്‍ ഫോൺ കട്ട് ചെയ്തു. സുനിലിനെ ബ്ലോക്കും ചെയ്തു. ഇതോടെയാണ് താൻ തട്ടിപ്പിനിരയായെന്ന് സുനിൽ കുമാർ മനസിലാക്കിയത്.