തിരുവല്ല: വിഘടിത യാക്കോബായ വിഭാഗം മെത്രാപ്പോലീത്തൻ ട്രസ്റ്റി മലങ്കര മെത്രാപ്പോലീത്ത എന്ന നാമം ഉപയോഗിക്കുന്നത് സുപ്രീം കോടതി വിധിയുടെ നഗ്നമായ ലംഘനമെന്ന് ഓർത്തഡോക്സ് സഭ. ഇരുവിഭാഗങ്ങളും തമ്മിലുള്ള തർക്കത്തിൽ 1934ലെ ഭരണഘടന പ്രകാരം കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തായും എന്ന സ്ഥാനം ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനിൽ നിക്ഷിപ്തമാണെന്ന് 2017ലെ വിധിയിൽ സുപ്രീംകോടതി അസന്നിഗ്ദമായി പ്രസ്താവിച്ചിട്ടുള്ളതാണ്. കൂടാതെ 2002ൽ കൂടിയ യാക്കോബായ വിഭാഗം അസോസിയേഷൻ നിയമവിരുദ്ധമാണെന്നും വ്യക്തമാക്കിയിട്ടുള്ളതാണ്.
നിയമാനുസരണം അംഗീകരിക്കപ്പെട്ട പരമ്പരാഗതമായ മലങ്കര മെത്രാപ്പോലീത്ത എന്ന സ്ഥാനം 2002ലെ അസോസിയേഷൻ രൂപപ്പെടുത്തി എന്നു പറയുന്ന കോടതി തള്ളിക്കളഞ്ഞ ഭരണഘടനയിൽ പോലും പരാമർശിക്കപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തിൽ മഹത്തായ ഈ നാമത്തിന്റെ വ്യാജമായ ഉപയോഗം തെറ്റിദ്ധാരണാജനകവും കോടതി നിശ്ചയങ്ങളോടുള്ള വെല്ലുവിളിയുമാണ് എന്ന് എപ്പിസ്കോപ്പ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത പറഞ്ഞു.