ഭുവനേശ്വർ: ഒഡീഷയിലെ ജജ്പൂരിൽനിന്നും ഞെട്ടിക്കുന്ന വാർത്തയാണ് പുറത്തുവരുന്നത്. 35കാരിയെ മുതല കൊന്നുതിന്നതായുള്ള വാർത്ത ദൃശ്യങ്ങൾ സഹിതമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ജ്യോത്സന റാണി എന്ന് 35കാരിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ബിരൂപ പുഴയിൽ കുളിക്കാനെത്തിയതായിരുന്നു യുവതി. ഇതിനിടയിലാണ് സംഭവമുണ്ടായത്. പുഴക്കരികിലുണ്ടായവർ മുതലയുടെ ആക്രമണം മൊബൈലിൽ പകർത്തിയിട്ടുണ്ട്. സ്ത്രീയെ കടിച്ച് വലിച്ച് കൊണ്ടുപോകുകയും കടിച്ച് കുടയുന്നതും വീഡിയോയിലുണ്ട്.
പിന്നീട് അഗ്നിശമന സേന നടത്തിയ തിരച്ചിലിൽ പുഴയിൽനിന്നും സ്ത്രീയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തിട്ടുണ്ട്. യുവതിയുടെ കുടുംബത്തിന് ആറു ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് ഒഡീഷ വനംവകുപ്പ് അറിയിച്ചു. ബിതർകനിക ദേശീയോദ്യാനത്തിന്‍റെ സമീപ പ്രദേശങ്ങളിൽ മുതല ആക്രമണം പതിവാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രണ്ടു മാസത്തിനിടെ ഇത്തരം നാലു സംഭവങ്ങൾ ഉണ്ടായതായാണ് വിവരം. ഇപ്പോൾ മുതല ആക്രമണം നടന്നത് ദേശീയോദ്യാനത്തിൽനിന്നും 100 കീലോമീറ്റർ അകലെ പലത്പൂർ ഗ്രാമത്തിലാണ്. പുഴകളിലും മറ്റുമായി മുതലകൾ വർധിച്ചതായി നാട്ടുകാർ പറയുന്നു.