കോന്നി: പയ്യനാമൺ ചെങ്കുളത്ത് പാറമടയിലുണ്ടായ അപകടത്തിൽ ഒരു മൃതദേഹം കണ്ടെത്തി. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷമാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. എന്നാൽ മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. രണ്ടു ഇതരസംസ്ഥാന തൊഴിലാളികളാണ് പാറമടയിൽ അപകടത്തിൽ പെട്ടത്. പ്രദേശത്ത് രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമായി തുടരുകയാണ്. അതിനിടെ പാറ ഇടിഞ്ഞു വീണതിന്റെ മറുവശത്തു രണ്ട് തൊഴിലാളികൾ കൂടി കുടുങ്ങിയിട്ടുണ്ടെന്നും അവർ അപകടത്തിൽ നിന്നും രക്ഷപെട്ടതായും പോലീസ് അറിയിച്ചു. പാറ വീണതിനെ തുടർന്ന് മറുവശത്തേക്ക് എത്താൻ കഴിയാതെ നിൽക്കുകയായിരുന്നു ഈ തൊഴിലാളികൾ.
ഹിറ്റാച്ചിക്ക് മുകളിൽ പാറ വീണാണ് അപകടം ഉണ്ടായത്. തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാഥമിക വിവരം ലഭിച്ചത്. പണി നടക്കുന്നതിനിടെ പാറ വാഹനത്തിന് മുകളിലേക്ക് വീഴുകയായിരുന്നു. രണ്ട് ഒഡീഷ സ്വദേശികളായ തൊഴിലാളികൾ മഹാദേവ്, അജയ് റായ് എന്നിവരാണ് അപകടത്തിൽ പെട്ടത്. കൂടുതൽ ആളുകൾ കുടുങ്ങിയോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്. അതേസമയം അപകടത്തിൽ രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫ് സംഘം എത്തും. 27 എൻഡിആർഎഫ് സംഘം തിരുവല്ലയിൽ നിന്ന് തിരിച്ചതായാണ് വിവരം. ഫയർഫോഴ്സിന്റെ കൂടുതൽ സംഘം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്ന് കെയു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. ഹിറ്റാച്ചിക്കുള്ളിൽ രണ്ട് തൊഴിലാളികളാണ് കുടുങ്ങിക്കിടക്കുന്നത്. പാറയിടിഞ്ഞ് വീണ സ്ഥലത്തേക്ക് രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാനാകാത്ത സ്ഥിതിയായിരുന്നു.