തിരുവനന്തപുരം : നെടുമങ്ങാട് ഡിപ്പോയിൽ ബസ് ഇറങ്ങവെ മറ്റൊരു ബിസിനിടയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യാത്രക്കാരി മരിച്ചു. ചെല്ലാങ്കോട് കാവിയോട് സ്വദേശിനി അനിതകുമാരി(55) ആണ് മരിച്ചത്. പേരൂർക്കട ഗവ. മോഡൽ ജില്ലാ ആശുപത്രിയിലെ താത്കാലിക ജീവനക്കാരിയാണ്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെ കെഎസ്ആർടിസി നെടുമങ്ങാട് ബസ് സ്റ്റാൻഡിലാണ് അപകടമുണ്ടായത്.
ഡ്യൂട്ടി കഴിഞ്ഞ് നെടുമങ്ങാട് ഡിപ്പോയിലിറങ്ങി ഭർതൃഗൃഹമായ നന്ദിയോട് ചോനൻവിളയിലേക്ക് പോകാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം. ബസിൽ നിന്ന് പുറത്തിറങ്ങവേ അനിതകുമാരി പിറകിൽ നിന്നെത്തിയ കെഎസ്ആർടിസി ഫാസ്റ്റ് ബസിന് ഇടയിൽ പെടുകയായിരുന്നു. എല്ലുകൾക്ക് സാരമായി പരിക്കേറ്റ ഇവരെ ഉടൻ ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ അന്ത്യം സംഭവിക്കുകയായിരുന്നു. മൃതദേഹം പേരൂർക്കട മോഡൽ ജില്ലാ ആശുപത്രിയിൽ പൊതു ദർശനത്തിനു ശേഷം ഭർതൃഗൃഹത്തിൽ സംസ്കരിച്ചു.