വിഴിഞ്ഞം: എൻജിനിലെ കംപ്രസർ തകരാറിലായി ഒരാഴ്ചയായി വിഴിഞ്ഞം പുറംകടലിൽ തുടർന്നിരുന്ന വിദേശ ചരക്കുകപ്പൽ ഞായറാഴ്ച അർധരാത്രിയോടെ പുറപ്പെട്ടു. ചെന്നൈയിൽനിന്ന് ദുബായിലേക്കു പോകുകയായിരുന്ന എം.വി. സിറാ എന്ന കപ്പൽ സാങ്കേതികത്തകരാറിനെ തുടർന്ന് കഴിഞ്ഞ 10 ദിവസമായി വിഴിഞ്ഞം പുറംകടലിൽ തുടരുകയായിരുന്നു. ഇന്ത്യ-പാക് യുദ്ധത്തിന്റെ സാഹചര്യത്തിൽ, കടലിൽ തുടർന്നിരുന്ന കപ്പൽ 48 മണിക്കൂറിനുള്ളിൽ രാജ്യം വിടണമെന്ന് കോസ്റ്റ്‌ഗാർഡിന്റെ വിഴിഞ്ഞം സ്റ്റേഷൻ കമാൻഡർ നിർദേശിച്ചിരുന്നു. ഇതേത്തുടർന്ന് കപ്പലിന്റെ ക്യാപ്റ്റൻ അൻവർ ഗാമൽ കേരള മാരിടൈം ബോർഡിന്റെ വിഴിഞ്ഞം പർസർ വിനുലാലിനോടു സഹായം അഭ്യർഥിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്തുള്ള വാട്ടർ ലൈൻ ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക് എന്ന കമ്പനിക്ക് കപ്പലിന്റെ തകരാർ പരിഹരിക്കുന്നതിനുള്ള കംപ്രസർ എത്തിച്ചുനൽകുന്നതിന് മാരിടൈം ബോർഡ് അധികൃതർ സഹായം ആവശ്യപ്പെട്ടു. ഞായറാഴ്ച രാവിലെയോടെ എത്തിച്ച കംപ്രസർ മാരിടൈം ബോർഡിന്റെ ടഗ്ഗിൽ അസി. കൺസർവേറ്റർ അജീഷ് മണി ഉൾപ്പെട്ടവർ ഉച്ചയ്ക്ക് 1.30-ഓടെ കപ്പലിനടുത്ത് എത്തിച്ചു. തുടർന്ന് ക്രെയിനുപയോഗിച്ച് കംപ്രസർ കപ്പലിലേക്കു മാറ്റി. ഇന്ത്യക്കാരുൾപ്പെടെ 26 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്.