പെരുമാതുറ (തിരുവനന്തപുരം): ആശുപത്രിയിൽ ചികിത്സ തേടിയ നാലു വയസ്സുകാരന് കാലാവധി കഴിഞ്ഞ മരുന്ന് കൊടുത്തതായി പരാതി. പെരുമാതുറ കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നാണ് കാലാവധി കഴിഞ്ഞ മരുന്ന് കൊടുത്തത്. പെരുമാതുറ സ്വദേശികളായ നാദിയ-സുഹൈൽ ദമ്പതികളുടെ നാലു വയസ്സുള്ള മകൻ ഹനാനാണ് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയത്. വെള്ളിയാഴ്ച രാവിലെ 11.30ഓടെയാണ് പനിയും ചുമയുമായി പെരുമാതുറ കുടുംബാരോഗ്യ കേന്ദ്രത്തിൽ കുട്ടി ചികിത്സ തേടിയത്.
തുടർന്ന് ഡോക്ടർ നൽകിയ കുറിപ്പുമായി ഫാർമസിയിൽ എത്തിയപ്പോഴാൾ ആന്റിബയോട്ടിക് മരുന്ന് നൽകി. കുട്ടിക്ക് ഒരു ഡോസ് മരുന്ന് കൊടുത്തതിനുശേഷമാണ് കാലാവധി കഴിഞ്ഞ വിവരം വീട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. 2024 ആഗസ്റ്റ് വരെയാണ് മരുന്നിന്‍റെ കാലാവധി രേഖപ്പെടുത്തിയിരുന്നത്. ഉടൻതന്നെ കുട്ടിയുടെ ബന്ധുക്കൾ ആശുപത്രിയിലെത്തി വിവരം പറഞ്ഞു. സംഭവത്തിൽ വീട്ടുകാർ ജില്ല മെഡിക്കൽ ഓഫീസർക്കും ആരോഗ്യമന്ത്രി, ജില്ലാ കളക്ടർ തുടങ്ങിയവർക്കും പരാതി നൽകി.
എന്നാൽ പരാതി വന്ന ഉടൻ തന്നെ സ്റ്റോക്ക് പരിശോധിച്ചുവെന്നും സപ്ലൈകോയിൽ നിന്നും ലോക്കൽ പർച്ചേസ് ചെയ്യുന്ന മരുന്നാണ് ഇതെന്നും പരിശോധനയിൽ കാലാവധി കഴിഞ്ഞ മരുന്ന് കണ്ടെത്താൻ കഴിഞ്ഞില്ല എന്നും ആശുപത്രി മെഡിക്കൽ ഓഫീസർ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ ഡയറക്ടറേറ്റിൽ നിന്നും ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി. ആശുപത്രി ഫാർമസിയിൽ നിന്നാണ് മരുന്ന് നൽകിയതെന്നും ജീവനക്കാർക്ക് വീഴ്ച പറ്റിയതായും കണ്ടെത്തി. രണ്ടു ദിവസത്തിനകം നടപടി ഉണ്ടാകുമെന്നാണ് സൂചന.