വർക്കല: പാപനാശം ഹെലിപ്പാഡിൽ യുവാക്കളെ ആക്രമിച്ച കേസിൽ ആറംഗസംഘത്തെ പിടികൂടി. വർക്കല ചിലക്കൂർ അൻസിയ മൻസിലിൽ റക്കീബ് (23), ചെറുന്നിയൂർ ശാസ്താംനടക്ക് സമീപം പണയിൽ വീട്ടിൽ അൽഅമീൻ (19), വർക്കല മൈതാനം കുന്നുവിള വീട്ടിൽ സജാർ (22), വർക്കല രാമന്തളി ദേശത്ത് അജീന മൻസിലിൽ ആഷിഖ് (21), വർക്കല വില്ലേജിൽ ചാലുവിള കീഴ്വശം പുതുവൽ പുത്തൻവീട്ടിൽ യാസർ (22), പുന്നമൂട് കുന്നുവിള കേശവത്തിൽ അയ്യപ്പൻ എന്ന ആര്യൻ (20) എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ഹെലിപ്പാഡ് പ്രദേശത്തെ പൊളിഞ്ഞ കടക്കരികിൽ നിന്ന സംഘത്തോട് അപകട മുന്നറിയിപ്പ് നൽകിയതാണ് ആക്രമണത്തിന് കാരണമായത്.
പ്രകോപിതരായ സംഘം വർക്കല സ്വദേശി ഹണിയുമായി വാക്കുതർക്കം ഉണ്ടാകുകയും തുടർന്ന് മർദിക്കുകയുമായിരുന്നു.ഹണിയുടെ തലയ്ക്ക് മുറിവേൽക്കുകയും കൈക്ക് പൊട്ടൽ സംഭവിക്കുകയും ചെയ്തു. പിടിച്ചുമാറ്റാനെത്തിയ മനുവിനെയും സംഘം ആക്രമിച്ചു. ഇയാളുടെ കൈക്കും പൊട്ടുണ്ട്. ഇവരെ വർക്കല താലൂക്കാശുപത്രിയിൽ ചികിത്സ നൽകിയശേഷം പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി. ആക്രമണത്തിനുശേഷം കടന്ന സംഘത്തെ കാട്ടാക്കടയിൽനിന്നാണ് പോലീസ് പിടികൂടിയത്. പ്രതികളിൽ സജാർ, ആഷിഖ് എന്നിവർക്കെതിരെ സമാനമായ വേറെയും കേസുകളുണ്ടെന്ന് വർക്കല പോലീസ് അറിയിച്ചു. സജാർ, അൽഅമീൻ എന്നിവർക്കെതിരെ പോക്സോ കേസുകളുമുണ്ട്. സജാർ സ്റ്റേഷൻ റൗഡി ലിസ്റ്റിൽപെട്ടയാളാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.