മനുഷ്യനെ പോലെ തന്നെ ആനകളും സാമൂഹിക ജീവികളാണ്. നാട്ടാനകളായി വളര്‍ത്തപ്പെടുന്ന ആനകള്‍ ചങ്ങലകളിൽ തളയ്ക്കപ്പെട്ട് ഒറ്റപ്പെട്ടാണ് ജീവിക്കുന്നതെങ്കില്‍ കാടുകളില്‍ അവ കുടുംബാംഗങ്ങളോടൊപ്പം പലപ്പോഴും വലിയൊരു കൂട്ടമായിട്ടായിരിക്കും സഞ്ചരിക്കുക. കരയിലെ ഏറ്റവും വലിയ ജീവിവര്‍ഗത്തിന്‍റെ കൂട്ടം ചേര്‍ന്നുള്ള ആ കാല്‍പ്പനീകമായ നടപ്പ്, കാഴ്ചക്കാരില്‍ സന്തോഷം നിറയ്ക്കുന്നു. അത്തരത്തില്‍ ഒന്നും രണ്ടുമല്ല, തൊണ്ണൂറ്റിയഞ്ച് ആനകള്‍ ഒന്നിന് പുറകെ ഒന്നായി റെയില്‍വേ ട്രാക്ക് മുറിച്ച് കടക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളുടെ പ്രത്യേക ശ്രദ്ധ നേടി. പ്രവീണ്‍ കസ്വാന്‍ ഐഎഫ്എസ് തന്‍റെ സമൂഹ മാധ്യമ അക്കൌണ്ടായ എക്സിലൂടെയാണ് വീഡിയോ പുറത്ത് വിട്ടത്.
‘റെയിൽവേ ലൈൻ മുറിച്ചുകടക്കുന്ന ആനകളുടെ ഒരു ട്രെയിൻ. ചെറുത് മുതൽ വലുത് വരെ വ്യത്യാസപ്പെട്ടിരിക്കുന്ന ആനക്കൂട്ടത്തിന്‍റെ വലുപ്പം. 95 ആനകളുടെ ഒരൊറ്റ കൂട്ടത്തെ ഞാൻ ഒരിക്കൽ കണ്ടിട്ടുണ്ട്. ഈ കുടുംബത്തില്‍ എത്രപേരുണ്ടെന്ന് എണ്ണിക്കൊണ്ടേയിരിക്കുക.’ വീഡിയോ പങ്കുവെച്ച് കൊണ്ട് പ്രവീണ്‍ കസ്വാന്‍ കുറിച്ചു. കുട്ടികളും കൊമ്പന്മാരുമടക്കം ഏതാണ്ട് അമ്പതോളം ആനകളാണ് വീഡിയോയില്‍ ഉള്ളത്. അതില്‍ തന്നെ പതിനഞ്ചിലേറെ ആനകുട്ടികളുണ്ട്. വീഡിയോ വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമ ഉപയോക്താക്കളെ ആകര്‍ഷിച്ചു. നിരവധി പേരാണ് തങ്ങളുടെ സന്തോഷം പങ്കുവെയ്ക്കാനെത്തിയത്.