കോന്നി : കോന്നിയുടെ മലയോര മേഖലകളിൽ കാട്ടാനകൾ നാട്ടിൽ ഇറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവായിട്ടും നടപടി സ്വീകരിക്കാതെ അധികൃതർ. കല്ലേലി, കുളത്തുമൺ, എലിമുള്ളുംപ്ലാക്കൽ, തണ്ണിത്തോട്, കൊക്കത്തോട്, പൂച്ചക്കുളം, ചിറ്റാർ, സീതത്തോട് തുടങ്ങി വനത്തിനോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിലാണ് കട്ടാനകൾ കൂടുതലും നാശം വിതക്കുന്നത്. കഴിഞ്ഞ ദിവസം അരുവാപ്പുലം പഞ്ചായത്തിലെ കല്ലേലി, കുളത്തുമൺ, കോന്നി പഞ്ചായത്തിലെ ഞള്ളൂർ ഭാഗങ്ങളിൽ കാട്ടാനകൂട്ടം ഇറങ്ങി നിരവധി കാർഷിക വിളകളാണ് നശിപ്പിച്ചത്. വനാതിർത്തികളിൽ പലയിടത്തും കിടങ്ങുകളോ സൗരോർജ്ജ വേലികളോ സ്ഥാപിക്കാൻ വനം വകുപ്പ് തയ്യാറാകാത്തതാണ് കാട്ടാനശല്യം കൂടുതൽ രൂക്ഷമാക്കുന്നത്.
കാടിറങ്ങി എത്തുന്ന കാട്ടാനകൂട്ടം കാർഷിക വിളകൾ മുഴുവൻ നശിപ്പിച്ചാണ് തിരികെ മടങ്ങുക. പലയിടത്തും സൗരോർജ്ജ വേലികൾ സ്ഥാപിച്ചിട്ടും ഇത് പ്രവർത്തനക്ഷമമല്ലാത്തത് മൂലം കാട്ടാനകളെ നിയന്ത്രിക്കുവാൻ കഴിയുന്നില്ല. വിവിധ ബാങ്കുകളിൽ നിന്നും കാർഷിക വായ്പകൾ എടുത്താണ് പല കർഷകരും കൃഷി തുടങ്ങിയത്. എന്നാൽ ഇത് മുഴുവൻ പാകമാകുന്നതിന് മുൻപ് തന്നെ കാട്ടാനകൾ കൃഷി നശിപ്പിച്ച് മടങ്ങിയതോടെ എങ്ങനെ വായ്പ തിരിച്ച് അടക്കും എന്ന പ്രതിസന്ധിയിലാണ് കർഷകരിൽ പലരും. സോളാർ വേലികളിൽ മരങ്ങൾ തള്ളി ഇട്ട് വൈദ്യുത പ്രവാഹം ഇല്ലാതെയാക്കി കാർഷിക വിളകൾ നശിപ്പിച്ച സംഭവങ്ങളും അനവധിയാണ്.
കോന്നി വനം ഡിവിഷന് കീഴിൽ വരുന്ന സ്ഥലങ്ങൾ ആണ് കൂടുതലും. കാട്ടാനശല്യം കൂടുതലായ സ്ഥലങ്ങളിൽ കിടങ്ങ് നിർമ്മിക്കുവാനോ തകരാറിലായ സൗരോർജ്ജ വേലികൾ മാറ്റി സ്ഥാപിക്കുവാനോ വനം വകുപ്പ് അധികൃതർ തയ്യാറാകുന്നില്ല എന്നതാണ് വ്യാപക പരാതി. കല്ലേലി എസ്റ്റേറ്റ് ഭാഗത്ത് നിരവധി തവണയാണ് കാട്ടാന ആക്രമണങ്ങളിൽ നിന്ന് തൊഴിലാളികൾ രക്ഷപെട്ടത്. ആനകൂട്ടത്തെ കണ്ട് ഭയന്നോടി നിരവധി തൊഴിലാളികൾക്കും പരിക്കേറ്റിട്ടുണ്ട്. എന്നാൽ ഇവിടെയും കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം കാവുവാൻ വനം വകുപ്പ് അധികൃതർക്ക് കഴിഞ്ഞിട്ടില്ല.