മധ്യപ്രദേശ് : ഫെബ്രുവരി ആറിന് പുലർച്ചെ ഇന്‍ഡോറിലെ ഹർദ ജില്ലയിലെ ബൈരാഗർ പ്രദേശത്തെ പടക്ക നിർമ്മാണശാലയിലുണ്ടായ വൻ തീപിടിത്തത്തില്‍ മരണം 12 ആയി. 200 ഓളം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. അപകടത്തിന് പിന്നാലെ നടത്തിയ പരിശോധനയില്‍ പ്രദേശത്ത് ആറോളം അനധികൃത പടക്കനിര്‍മ്മാണ ശാലകള്‍ പ്രവര്‍ത്തിക്കുന്നതായി പോലീസ് കണ്ടെത്തി. അനധികൃത പടക്ക നിര്‍മ്മാണ ശാലകള്‍ അധികൃതര്‍ പൂട്ടി സീല്‍വച്ചെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അപകടം നടന്ന അനധികൃത പടക്കനിര്‍മ്മാണശാലയുടെ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു.
അനധികൃത പടക്ക നിര്‍മ്മാണ ശാലകള്‍ക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു. അതേസമയം പടക്ക നിര്‍മ്മാണ ഫാക്ടറികളില്‍ സുരക്ഷാ പരിശോധന നടത്താന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ പോലീസിനെയും മറ്റ് വകുപ്പുകളെയും ഉള്‍പ്പെടുത്തി ഒരു സംയുക്ത സംഘം രൂപീകരിച്ചതായി ഇൻഡോർ ജില്ലാ മജിസ്‌ട്രേറ്റ് ആശിഷ് സിംഗ് മധ്യമങ്ങളെ വ്യക്തമാക്കി.