തിരുവനന്തപുരം : സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക ഞെരുക്കത്തിലൂടെയാണ് കടന്നു പോകുന്നതെങ്കിലും ചില മേഖലകളിൽ കുറച്ചുകൂടി ചെയ്യാൻ കഴിയേണ്ടിയിരുന്നുവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഭക്ഷ്യ -പൊതുവിതരണ മേഖലയും ക്ഷേമ പെൻഷനുമെല്ലാം ഇതിനുദാഹരണമാണ്. സർക്കാരിന് ആഗ്രഹമുണ്ടെങ്കിലും സാമ്പത്തിക ഞെരുക്കം മൂലമാണ് സാധിക്കാത്തത്. പക്ഷേ, ജനങ്ങൾ പ്രതീക്ഷിച്ചിരുന്നു. വിദേശ സർവകലാശാലയല്ല ഇപ്പോൾ സി.പി.ഐയുടെ അടിയന്തര വിഷയം.
ഡൽഹി സമരത്തിന്റെ അർത്ഥം മനസിലാക്കാൻ കേരളത്തിലെ കോൺഗ്രസിന് കഴിഞ്ഞില്ല. കർണ്ണാടകയിലെ കോൺഗ്രസിനും അഖിലേന്ത്യ നേതൃത്വത്തിനും ബോധ്യപ്പെടാത്ത വിധമാണ് കേരള നേതാക്കളുടെ സി.പി.എം വിരുദ്ധതയും ബി.ജെ.പി ബാന്ധവവും. വരുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് -ബി.ജെ.പി ബന്ധമുണ്ടാകാം. ഇത് ജനങ്ങൾ തിരിച്ചറിയുമെന്നും അദ്ദേഹം വ്യക്തമാക്കി.