കറുകച്ചാൽ: മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികളിലൊരാളെ പോലീസ് അറസ്റ്റ് ചെയ്തു. കറുകച്ചാൽ തോട്ടയ്ക്കാട് ഉമ്പിടി കലയകുളം ഭാഗത്ത് പെരുന്നേപ്പറമ്പിൽ വീട്ടിൽ ഉമ്പിടി മഞ്ജു എന്ന് വിളിക്കുന്ന മനേഷ് ജോസിനെ (36)യാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തും ചേർന്ന് കഴിഞ്ഞദിവസം രാവിലെ കറുകച്ചാൽ നത്തല്ലൂർ ഭാഗത്ത് വെച്ച് മധ്യവയസ്കനെ മർദ്ദിക്കുകയും, ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.
ഇതിനു ശേഷം ഇവര്‍ 2000 രൂപ തട്ടിയെടുക്കുകയും, കേസ് കൊടുത്താൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മണൽ വിൽപ്പന നടത്തിയിരുന്ന മധ്യവയസ്കനോട് ഗുണ്ടാപ്പിരിവ് ചോദിച്ചത് കൊടുക്കാത്തതിലുള്ള വിരോധം മൂലമാണ് ഇവർ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. പരാതിയെ തുടർന്ന് കറുകച്ചാൽ പോലീസ് കേസെടുക്കുകയായിരുന്നു. മനേഷ് ജോസ് കറുകച്ചാൽ സ്റ്റേഷനിലെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. മറ്റു പ്രതിക്കായി തിരച്ചിൽ ശക്തമാക്കി.