കോഴിക്കോട്: പുതിയ ബസ് സ്റ്റാൻഡിന് സമീപത്ത് നിർത്തിയിട്ട കാറിന്റെ ഡോർ തുറന്ന് കാറിനകത്തുണ്ടായിരുന്ന 20,000 രൂപ വിലവരുന്ന മൊബൈൽ ഫോൺ മോഷണം നടത്തിയ സംഭവത്തിലെ പ്രതി പിടിയിൽ. മലപ്പുറം കൊണ്ടോട്ടിയിൽ മുതുവട്ടൂർ പാറക്കുളങ്ങര വീട്ടിൽ ജിൽഷാദ് (29) ആണ് അറസ്റ്റിലായത്. മേയ് 23ന് രാത്രി 11.30-ന് പേരാമ്പ്രയിലുള്ള സനൂപ് എന്നയാളുടെ നിർത്തിയിട്ട കാറിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. മോഷണം സംബന്ധിച്ച് നടക്കാവ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന്, പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. മയക്കുമരുന്ന് ഉപയോഗത്തിനും ആർഭാടമായി ജീവിക്കുന്നതിനും വേണ്ടിയുള്ള പണം കണ്ടെത്തുന്നതിനുവേണ്ടിയാണ് മോഷണം നടത്തുന്നതെന്ന് പ്രതി പറഞ്ഞു.
മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിരവധി കേസുകളിൽ പ്രതിയാണ്. സി.സി.ടി.വി ദൃശ്യങ്ങൾ നിന്നുമാണ് ഇയാളെ തിരിച്ചറിഞ്ഞത്. പോലീസിനെ കബളിപ്പിച്ച് എറണാകുളം, കോയമ്പത്തൂർ ഭാഗങ്ങളിൽ കറങ്ങിനടന്ന പ്രതി കോഴിക്കോടെത്തിയപ്പോൾ സൈബർ സെല്ലിന്റെ സഹായത്തോടെ നടക്കാവ് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സി.ഐ ജിജീഷ്, സബ് ഇൻസ്പെക്ടർമാരായ ബിനുമോഹൻ, ബാബു പുതുശ്ശേരി, എ.എസ്.ഐ രജിത, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എം.വി. ശ്രീകാന്ത്, സി. ഹരീഷ് കുമാർ, ബബിത്ത് കുറിമണ്ണിൽ, കോഴിക്കോട് സ്ക്വാഡിലെ പൊലീസുകാരായ സുമേഷ് ആറോളി, രാഗേഷ് ചൈതന്യം എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.