ദോഹ : ഗസ്സയിൽ വെടിനിർത്തൽ ശ്രമങ്ങൾ വീണ്ടും ഊർജിതമാക്കി ദോഹയിൽ ഹമാസ് നേതാക്കളും ഖത്തർ പ്രധാനമന്ത്രിയും തമ്മിൽ കൂടിക്കാഴ്ച. ശനിയാഴ്ചയാണ് ഹമാസ് നേതാവ് ഡോ. ഖലീൽ അൽ ഹയ്യയുടെ നേതൃത്വത്തിലുള്ള സംഘവും മധ്യസ്ഥ ദൗത്യങ്ങൾക്ക് നേതൃത്വം നൽകുന്ന ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയും കൂടിക്കാഴ്ച നടത്തിയത്. 14 മാസം പിന്നിടുന്ന യുദ്ധം അവസാനിപ്പിക്കാനും വെടിനിർത്തൽ സാധ്യമാക്കുന്നതും സംബന്ധിച്ച് ഹമാസ് നേതാക്കളും ഖത്തർ പ്രധാനമന്ത്രിയും ചർച്ച ചെയ്തു. വെടിനിർത്തൽ കരാറിലെ വ്യവസ്ഥകളും ഉപാധികളും സംബന്ധിച്ചും ഇരു വിഭാഗവും സമഗ്രമായി ചർച്ച നടത്തിയതായും ക്യു.എൻ.എ റിപ്പോർട്ട് ചെയ്തു.
ഒരിടവേളക്കു ശേഷം ഗസ്സയിലെ വെടിനിർത്തലിനായുള്ള മധ്യസ്ഥ ചർച്ചകൾ വീണ്ടും സജീവമാക്കുന്നതാണ് ഹമാസ് സംഘത്തിന്റെ ദോഹ സന്ദർശനവും കൂടിക്കാഴ്ചയും. വെടിനിർത്തൽ ചർച്ച പുനരാരംഭിച്ചതായി ഡിസംബർ ആദ്യ വാരത്തിൽ ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ ഉദ്യോഗസ്ഥനായ ബസ്സാം നയീം ഇസ്റ്റംബൂളിൽ വെച്ച് മാധ്യമങ്ങളെ അറിയിച്ചിരുന്നു. ആഗസ്റ്റിൽ ദോഹയിലും കൈറോയിലുമായി നടന്ന ചർച്ചകൾ ലക്ഷ്യംകാണാതായതോടെ ഒക്ടോബർ അവസാനവാരത്തോടെ മധ്യസ്ഥ ശ്രമങ്ങൾ താൽക്കാലികമായി അവസാനിപ്പിച്ചതായി ഖത്തർ വ്യക്തമാക്കിയിരുന്നു. യുദ്ധം അവസാനിപ്പിക്കാൻ ഇരു വിഭാഗത്തിന്റെയും ഗൗരവപൂർണമായ ഇടപെടലുകളുണ്ടായാൽ ചർച്ച പുനരാരംഭിക്കാൻ സന്നദ്ധമാണെന്ന് അറിയിച്ചാണ് ഖത്തർ വിദേശകാര്യ മന്ത്രാലയം താൽകാലിമായി അന്ന് പിൻവാങ്ങിയത്. അമേരിക്കയുടെ കൂടി ഇടപെടൽ മധ്യസ്ഥ ചർച്ചകളെ വീണ്ടും സജീവമാക്കുകയാണ്.