ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തില്‍ മാതൃകാ പെരുമാറ്റ ചട്ടം നിലവില്‍ വന്നിരിക്കുകയാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികളുടെയും മാര്‍ഗനിര്‍ദേശത്തിനുള്ള മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കപെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വിവിധ സ്‌ക്വാഡുകളും രംഗത്തുണ്ട്. തെരഞ്ഞെടുപ്പ് മാതൃക പെരുമാറ്റ ചട്ടമനുസരിച്ച് ശ്രദ്ധിക്കേണ്ടത് ഇവയാണ്.
——-
1. രാഷ്ട്രീയ പാര്‍ട്ടി നേതാക്കളേയോ പ്രവര്‍ത്തകരേയോ പൊതുപ്രവര്‍ത്തനമായി ബന്ധമില്ലാത്തതും സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ടതുമായ കാര്യങ്ങളില്‍ വിമര്‍ശിക്കരുത്. വിലയിരുത്തിയിട്ടില്ലാത്ത ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടികളെയോ പ്രവര്‍ത്തകരെയോ വിമര്‍ശിക്കരുത്.
——
2. യോഗങ്ങളുടെ വേദി, സമയം എന്നിവ പ്രാദേശിക പോലീസിനെ അറിയിക്കുകയും ആവശ്യമായ അനുമതികള്‍ മുന്‍കൂട്ടി നേടുകയും ചെയ്യണം.
——
3. ക്ഷേത്രം, പള്ളികള്‍ തുടങ്ങിയവയോ മറ്റ് ആരാധനാലയങ്ങളോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് വേണ്ടിയും ഉപയോഗിക്കരുത്. വോട്ട് ഉറപ്പിക്കുന്നതിനായി ജാതിയോ വര്‍ഗീയ വികാരമോ ഉപയോഗിക്കരുത്.
—–
4. വാഹനത്തില്‍ സ്ഥാപിച്ചതോ അല്ലാത്തതോ ആയ ഉച്ചഭാഷിണികള്‍ രാത്രി 10 നും രാവിലെ 6 നും ഇടയില്‍ ഉപയോഗിക്കരുത്.
—-
5. മൈതാനം, ഹെലിപാഡ് തുടങ്ങിയ പൊതുഇടങ്ങള്‍ എല്ലാ കക്ഷികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും നിഷ്പക്ഷമായി ലഭ്യമാക്കണം
—-
6. ഓരോ വ്യക്തിയുടെയും സമാധാനപൂര്‍ണവും ശല്യരഹിതവുമായ ഗാര്‍ഹിക ജീവിതത്തിനുള്ള അവകാശത്തെ പൂര്‍ണമായും സംരക്ഷിക്കണം.
—–
7. 50,000 രൂപയില്‍ കൂടുതലായ പണം, മൊത്തമായി കൊണ്ടുപോകുന്ന വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, മറ്റു സാമഗ്രികള്‍ സംബന്ധിച്ച മതിയായ രേഖകള്‍ എല്ലാ യാത്രക്കാരും കൈവശം കരുതണം. നിശ്ചിത സാഹചര്യങ്ങളില്‍ ഒഴികെ 2,00,000 രൂപയിലധികം പണമായി ഒരു ദിവസം ഒരാള്‍ക്കോ കമ്പനിക്കോ സ്ഥാപനത്തിനോ ബാങ്കില്‍ നിന്ന് ലഭിക്കില്ല.
—-
8. ജാഥകള്‍ വാഹന ഗതാഗതത്തെ തടസ്സപ്പെടുത്താതെ സജ്ജീകരിക്കണം. ജാഥകളുടെ റൂട്ട്, പുറപ്പെടുന്നതും അവസാനിക്കുന്നതുമായ സമയവും സ്ഥലവും മുന്‍കൂട്ടി നിശ്ചയിക്കുകയും പോലീസ് അനുമതി വാങ്ങുകയും വേണം.
—-
9. വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യുന്ന അനൗദ്യോഗിക തിരിച്ചറിയല്‍ സ്ലിപ്പ് പ്ലെയിന്‍ വെള്ളക്കടലാസില്‍ ആയിരിക്കണം. അതില്‍ ചിഹ്നമോ പാര്‍ട്ടിയുടേയോ സ്ഥാനാര്‍ഥിയുടെ പേരോ പാടില്ല.
—–
10. സാമ്പത്തികവും അല്ലാത്തതുമായ വാഗ്ദാനം നല്‍കി വോട്ടറെ സ്വാധീനിക്കുകയും വോട്ടര്‍മാരുടെ ജാതി, സമുദായ വികാരങ്ങള്‍ സ്വാധീനിക്കുന്ന വിധം അഭ്യര്‍ഥനകള്‍ നടത്തുകയോ അരുത്.
—-
11. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളിലെ അംഗങ്ങളുടെയോ അവരുടെ നേതാക്കളുടെയോ പ്രതിനിധീകരിക്കുന്ന കോലം ചുമക്കുന്നതും അത്തരം കോലം പൊതുസ്ഥലത്ത് കത്തിക്കുന്നതും മറ്റ് തരത്തിലുള്ള പ്രകടനങ്ങളും കുറ്റകരമാണ്.
—-
12. ഗതാഗതം നിയന്ത്രിക്കുന്നതിനും ക്രമസമാധാനപാലനത്തിനും ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യാന്‍ പോലീസിനെ പ്രാപ്തരാക്കുന്നതിനായി പാര്‍ട്ടിയോ സ്ഥാനാര്‍ഥിയോ ഏതെങ്കിലും നിര്‍ദ്ദിഷ്ട മീറ്റിംഗ് സ്ഥലത്തെയും സമയത്തെയും കുറിച്ച് യഥാസമയം പ്രാദേശിക പോലീസ് അധികാരികളെ അറിയിക്കേണ്ടതാണ്.
—-
13. മീറ്റിംഗിനായി നിര്‍ദ്ദേശിച്ച സ്ഥലത്ത് എന്തെങ്കിലും നിയന്ത്രണമോ നിരോധന ഉത്തരവോ നിലവിലുണ്ടോ എന്ന് ഒരു പാര്‍ട്ടിയോ സ്ഥാനാര്‍ഥിയോ മുന്‍കൂട്ടി പരിശോധിക്കണം. ഉച്ചഭാഷിണികള്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിന് അനുമതിയോ ലൈസന്‍സോ ലഭിക്കണമെങ്കില്‍, പാര്‍ട്ടിയോ സ്ഥാനാര്‍ഥിയോ ബന്ധപ്പെട്ട അധികാരികള്‍ക്ക് മുന്‍കൂട്ടി അപേക്ഷിച്ച് അത്തരം അനുമതിയോ ലൈസന്‍സോ നേടേണ്ടതാണ്.
—-
14. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള പൊതു ഇടങ്ങളില്‍ മീറ്റിംഗ് നടത്താന്‍ അനുമതി നല്‍കിയാല്‍, എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും തുല്യ അവസരം നല്‍കും. യോഗം അവസാനിച്ചാലുടന്‍ എല്ലാ പ്രചാരണ സാമഗ്രികളും സ്ഥലത്ത് നിന്ന് നീക്കം ചെയ്യണം.
—-
15. നിലവിലുള്ള നിയമങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തിലും ബഹുമാനപ്പെട്ട ഹൈക്കോടതിയുടെയും ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെയും ഉത്തരവുകള്‍ അനുസരിച്ചും മാത്രം യോഗങ്ങളും ഘോഷയാത്രകളും നടത്തുക.
—–
16. ലഘുലേഖകളും പോസ്റ്ററുകളും അച്ചടിക്കുമ്പോഴും പ്രസിദ്ധീകരിക്കുമ്പോഴും രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും പ്രിന്റിംഗ് പ്രസുകളുടെ പേരും അച്ചടിച്ച പകര്‍പ്പിന്റെ എണ്ണവും രേഖപ്പെടുത്തണം.
—–
17. ലഘുലേഖകള്‍ക്കും പോസ്റ്ററുകള്‍ക്കും മുകളില്‍ സ്ഥാനാര്‍ഥിയുടെയും പ്രസാധകന്റെയും പേരും വിലാസവും അച്ചടിക്കണം. സ്ഥാപിച്ചിരിക്കുന്ന പരസ്യ ഹോര്‍ഡിംഗുകളുടെയും ബാനറുകളുടെയും വിശദാംശങ്ങള്‍ നിശ്ചിത ഫോറത്തില്‍ റിട്ടേണിംഗ് ഓഫീസറെ അറിയിക്കേണ്ടതാണ്.
——
18. പ്രചാരണ വാഹനങ്ങളിലും വീഡിയോ കാമ്പെയ്ന്‍ വാഹനങ്ങളിലും ഘടനാപരമായ മാറ്റങ്ങള്‍ വരുത്തുന്നത് മോട്ടോര്‍ വാഹന വകുപ്പിന്റെ അനുമതി ലഭിച്ചതിന് ശേഷം മാത്രം ചെയ്യേണ്ടതാണ്.
ഫ്‌ളൈയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏതെങ്കിലും പ്രത്യേക സ്ഥാനാര്‍ഥിക്ക് അനുകൂലമായി വോട്ടു ചെയ്യുന്നതിനായി വോട്ടര്‍മാര്‍ക്ക് പണമോ പാരിതോഷികങ്ങളോ മദ്യമോ മറ്റു സാധനങ്ങളോ വിതരണം ചെയ്യുന്നത് തടയാന്‍ ജില്ലയില്‍ ഫ്‌ളൈയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം എന്നിവയെ വിന്യസിച്ചു. പരിശോധനാ വേളയില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ഏതെങ്കിലും തരത്തിലുള്ള പ്രയാസങ്ങള്‍ ഉണ്ടായാല്‍ പരാതി തെളിവു സഹിതം കളക്ടറേറ്റിലെ ഫിനാന്‍സ് ഓഫീസറെ (നോഡല്‍ ഓഫീസര്‍ ആന്‍ഡ് തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം) അറിയിക്കാം. ഫോണ്‍: 8547610041, 0468-2270506.