മെറ്റയുടെ ത്രെഡ്സ് വലിയ വെല്ലുവിളിയാകുന്ന സാഹചര്യത്തിൽ ഉപഭോക്താക്കളെ പിടിച്ചു നിർത്താനായി പുതിയ പദ്ധതി ആരംഭിച്ച് ട്വിറ്റർ. ഉപഭോക്താക്കൾക്ക് ട്വിറ്റർ വഴി പണം സമ്പാദിക്കാനുള്ള പദ്ധതിയാണ് ട്വിറ്റർ പുതിയതായി തയ്യാറാക്കിയിരിക്കുന്നത്. നിലവിൽ തിരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കൾക്ക് ഈ സേവനം ലഭ്യമാണ്. വൈകാതെ മറ്റ് ഉപഭോക്താക്കളിലേക്കും ഈ ഫീച്ചർ എത്തിയേക്കാം. ജനപ്രിയ യൂട്യൂബറായ മിസ്റ്റർ ബീസ്റ്റ് എന്ന ജെയിംസ് ഡൊണാൾഡ്‌സണിന് ഇത്തരത്തിൽ ട്വിറ്ററിൽ നിന്ന് 25,000 ഡോളർ (21 ലക്ഷം രൂപ) ലഭിച്ചു എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിരവധി ആളുകൾക്ക് 5 ലക്ഷം രൂപ ലഭിച്ചതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. ധാരാളം ഫോളോവേഴ്സ് ഉള്ളവർക്ക് മാത്രമായിരിക്കും ഇത്തരത്തിൽ പണം സമ്പാദിക്കാൻ സാധിക്കു.
ട്വിറ്റർ ബ്ലൂ സബ്സ്ക്രൈബ് ചെയ്തവർക്കോ അല്ലെങ്കിൽ വെരിഫൈഡ് ഓർഗനൈസേഷൻസിനോ ആണ് ഇത്തരത്തിൽ ട്വിറ്ററിൽ നിന്ന് പണം സമ്പാദിക്കാൻ സാധിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസങ്ങളിൽ ഓരോന്നിലും അവർക്ക് കുറഞ്ഞത് അഞ്ച് ദശലക്ഷം ഇംപ്രഷൻ പോസ്റ്റുകൾ ഉണ്ടായിരിക്കണം എന്നും നിബന്ധന ഉണ്ട്. ട്വിറ്ററിന്റെ ക്രിയേറ്റർ മൊണിറ്റൈസേഷൻ സ്റ്റാന്റേർഡ് നാമദണ്ഡങ്ങൾ പാലിക്കുന്നവരും ആയിരിക്കണം ഇവർ.ട്വിറ്റിന്റെ പുതിയ നീക്കത്തെ അഭിനന്ദിച്ച് നിരവധി കണ്ടന്റ് ക്രിയേറ്റേഴ്സും രംഗത്ത് വന്നിട്ടുണ്ട്. നിരവധി ഉപഭോക്താക്കൾക്ക് ട്വിറ്ററിൽ നിന്ന് പണം ലഭിച്ചതായി ട്വിറ്ററിന്റെ വാർത്തകൾ ഷെയർ ചെയ്യുന്ന ട്വിറ്റർ ഡെയ്ലി എന്ന പേജ് പറയുന്നു. പല ഉപഭോക്താക്കളും അവരുടെ ജോലി ഉപേക്ഷിക്കാൻ തയ്യാറാകുന്നു എന്നും ഈ റിപ്പോർട്ടിൽ പറയുന്നു.
ട്വിറ്ററിൽ നിന്ന് പണം സമ്പാദിക്കാനുള്ള എല്ലാ മാനദണ്ഡവും ട്വിറ്റർ ഉടമയായ ഇലോൺ മസ്കിനും ഉണ്ട് എന്നാൽ തനിക്ക് ഇത്തരത്തിൽ പണം വേണ്ടെന്ന് മസ്ക് പറയുന്നു.
തനിക്ക് വരാനുള്ള വരുമാനം ഉപഭോക്താക്കൾക്കായി വീതിച്ചു നൽകുമെന്നാണ് മസ്ക് അറിയിച്ചിരിക്കുന്നത്. ട്വിറ്ററിൽ ഉപഭോക്താക്കളെ പിടിച്ചു നിർത്താനുള്ള പദ്ധതിയായിട്ടാണ് പുതിയ നീക്കത്തെ ആളുകൾ കാണുന്നത്. അതേസമയം ട്വിറ്ററിന് കനത്ത വെല്ലുവിളി ഉയർത്തി മെറ്റയുടെ ത്രെഡ്സ് ഇപ്പോഴും ഉപഭോക്താക്കളുടെ എണ്ണം വർധിപ്പിച്ചുകൊണ്ട് ഇരിക്കുകയാണ്. ആപ്പ് പുറത്തിറക്കി വെറും അഞ്ച് ദിവസം കൊണ്ട് 100 മില്യൺ ഉപഭോക്താക്കളെയാണ് ത്രെഡ്സ് സ്വന്തമാക്കിയിരിക്കുന്നത്. ജൂലൈ 6ന് ആയിരുന്നു ആപ്പ് പ്ലേ സ്റ്റോറിൽ എത്തിയത്. ആദ്യ രണ്ട് മണിക്കൂറിനുള്ളിൽ തന്നെ രണ്ട് മില്യൺ ആളുകൾ ത്രെഡ്സിൽ സൈൻ അപ്പ് ചെയ്തിരുന്നു.
ഒരു പ്രമോഷനും ഇല്ലാതെയാണ് ത്രെഡ്സ് ഈ നേട്ടം കൈവരിച്ചതെന്ന് മെറ്റ സിഇഒ മാർക്ക് സക്കർബർഗ് ത്രെഡ്സിലൂടെ പ്രതികരിച്ചു. ട്വിറ്ററിൽ നടത്തിയ ചില പരിഷ്ക്കരണങ്ങളും ട്വിറ്ററിന് തിരിച്ചടിയായിരുന്നു. പുതിയ പരിഷ്കരണങ്ങളിൽ ഉപഭോക്താക്കൾ അതൃപ്തി അറിയിച്ചുകൊണ്ട് ഇരിക്കെയായിരുന്നു ത്രെഡ്സുമായി മെറ്റ രംഗത്ത് എത്തുന്നത്. മാത്രമല്ല ഇൻസ്റ്റഗ്രാമുമായി ബന്ധിപ്പിച്ചും ത്രെഡ്സ് കൂടുതൽ ആളുകളിലേക്ക് എത്താൻ കാരണമായി. അതേ സമയം ത്രെഡ്സ് ട്വിറ്ററിന് പകരമല്ലെന്ന് വെളിപ്പെടുത്തി ഇൻസ്റ്റാഗ്രാം സിഇഒ ആദം മൊസേരി രംഗത്ത് വന്നു. ആളുകൾക്ക് മൈക്രോബ്ലോംഗിങ്ങ് നടത്താനും കാര്യങ്ങൾ ചർച്ച ചെയ്യാനും എന്ന തലത്തിലാണ് പുതിയ പ്ലാറ്റ്ഫോമിന് മെറ്റ രൂപം നൽകിയത്. തീവ്രതയില്ലാത്ത ലളിതമായ എല്ലാ കാര്യങ്ങളും ത്രെഡ്സിൽ ചർച്ച ചെയ്യാം. എന്നായിരുന്നു മൊസേരിയുടെ പ്രതികരണം.