തിരുവനന്തപുരം : പശ്ചിമഘട്ടമേഖലയിൽ നിന്ന് പുതിയ ഇനം തേനീച്ചയെ കണ്ടെത്തി. ഇന്ത്യൻ ബ്ലാക്ക് ഹണിബീ എന്ന പൊതുനാമവും ഗവേഷകര്‍ തേനീച്ചയ്ക്ക് നല്‍കി. ഇരുണ്ട നിറമായതിനാൽ എപിസ് കരിഞ്ഞൊടിയൻ എന്ന ശാസ്ത്രീയനാമവും നൽകിയിട്ടുണ്ട്. ഇരുനൂറോളം വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇന്ത്യയിൽനിന്നും പുതിയയിനം തേനീച്ചയെ കണ്ടെത്തുന്നത്.
കാർഷിക സർവകലാശാലയുടെ തിരുവനന്തപുരം കരമനയിലെ ഇന്റഗ്രേറ്റഡ് ഫാമിങ് സിസ്റ്റം റിസർച്ച് സ്റ്റേഷൻ അസിസ്റ്റന്റ് പ്രൊഫസർ ഡോ. എസ്. ഷാനസ്, ചേർത്തല എസ്.എൻ. കോളേജിലെ ജന്തുശാസ്ത്രവിഭാഗം ഗവേഷണ വിദ്യാർഥി ജി. അഞ്ജു കൃഷ്ണൻ, കൊണ്ടോട്ടി ഇ.എം.ഇ.എ. കോളേജിലെ ബയോടെക്‌നോളജി വിഭാഗം മേധാവി ഡോ. കെ. മഷ്ഹൂർ എന്നിവരടങ്ങുന്ന ഗവേഷകരാണ് പുതിയ ഇനത്തെ കണ്ടെത്തിയത്. 1798-ൽ ജോഹാൻ ക്രിസ്ത്യൻ ഫാബ്രിഷ്യസ് എന്ന ഡെന്മാർക്കുകാരനായ ശാസ്ത്രജ്ഞൻ വിവരിച്ച എപിസ് ഇൻഡിക്കയാണ് ഇന്ത്യയിൽനിന്ന് അവസാനമായി കണ്ടെത്തിയ തേനീച്ച ഇനം.
ഇന്ത്യൻ ബ്ലാക്ക് ഹണിബീ എന്ന ഇനം കൂടി ആയതോടെ ലോകത്ത് ഇതുവരെ കണ്ടെത്തിയ തേനീച്ച ഇനങ്ങളുടെ എണ്ണം 11 ആയി. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാവുന്നതാണ് പുതിയ ഇനമെന്നാണ് വിലയിരുത്തൽ. മറ്റു തേനീച്ചകളെ അപേക്ഷിച്ച് ഇന്ത്യൻ ബ്ലാക്ക് ഹണിബീക്ക് കൂടുതൽ തേൻ ഉത്‌പാദിപ്പിക്കാനാവുമെന്ന് കരുതുന്നതായും ഇതുസംബന്ധിച്ച് സെപ്റ്റംബർ ലക്കം എന്റമോൺ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. മൈറ്റാകോൺഡ്രിയൽ ഡി.എൻ.എ. ഉപയോഗിച്ച് നടത്തിയ പഠനത്തിലൂടെയാണ് തേനീച്ചയുടെ വർഗസ്ഥിതി സ്ഥിരീകരിച്ചത്.
540 തേനീച്ചകളിലെ മൈറ്റാകോൺഡ്രിയൽ ഡി.എൻ.എ. പരിശോധിച്ചതിൽനിന്നും എപിസ് ഇൻഡിക്ക, എപിസ് സെറാന എന്നീ തേനീച്ചകളുമായി എപിസ് കരിഞ്ഞൊടിയൻ ഗണ്യമായ ജനിതക വ്യതിയാനം കാണിക്കുന്നുണ്ട്. ഗോവ, കർണാടക, കേരളം, തമിഴ്‌നാടിന്റെ പശ്ചിമഘട്ടത്തിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് പുതിയ ഇനം കണ്ടുവരുന്നത്.