വാഷിങ്ടൺ : സ്കൂളിലെ കഫ്ത്തീരിയയിൽ വെച്ച് മകനൊപ്പം ഉച്ചഭക്ഷണം കഴിച്ച രക്ഷിതാവിനെ അറസ്റ്റ് ചെയ്തു. കാലിഫോർണിയ ഏരിയ സ്കൂൾ ഡിസ്ട്രിക്റ്റിലാണ് സംഭവം. സ്കൂളിൽ രക്ഷിതാക്കളുടെയും അധ്യാപകരുടെയും യോഗം നടക്കുകയായിരുന്നു. യോഗത്തിനെത്തിയാണ് രക്ഷിതാവ് സ്കൂളിലെത്തിയത്. സമയമായപ്പോൾ മകനൊപ്പം കഫ്ത്തീരിയയിൽ പോയി ഉച്ചഭക്ഷണം കഴിക്കാൻ ശ്രമിക്കുകയും ചെയ്തു. യോഗത്തിനെത്തിയ രക്ഷിതാവ് നിയമങ്ങൾ ലംഘിച്ചതായും അതാണ് അറസ്റ്റ് ചെയ്യാൻ കാരണമെന്നും സ്കൂൾ പ്രിൻസിപ്പൽ പറഞ്ഞു. കോൺഫറൻസ് മുറിയിൽ ചില നിയമങ്ങളൊക്കെയുണ്ട്. ആ നിയമങ്ങൾ പാലിച്ചില്ല എന്ന് മാത്രമല്ല, രക്ഷിതാവ് മകനെയും കൂടി കഫ്ത്തീരിയയിലേക്ക് പോവുകയും ചെയ്തുവെന്നും പ്രിൻസിപ്പൽ ചൂണ്ടിക്കാട്ടി.
രക്ഷിതാവ് അറസ്റ്റിനെ എതിർത്തതിനാൽ പോലീസിന് ബലം പ്രയോഗിക്കേണ്ടി വന്നു. സ്കൂളിലെ സുരക്ഷക്ക് ഭീഷണിയാകുന്ന ഒന്നും അനുവദിക്കില്ലെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി. അറസ്റ്റ് പരിഹാസ്യമായ നടപടിയാണെന്നും തങ്ങളുടെ മക്കളും അതേ സ്കൂളിൽ പഠിക്കുന്നുണ്ടെന്നുമാണ് ചില രക്ഷിതാക്കൾ പ്രതികരിച്ചത്. യോഗത്തിനെത്തിയത് അഞ്ജാതനൊന്നുമല്ലെന്നും കുട്ടിയുടെ രക്ഷിതാവ് ആണെന്നും ഇങ്ങനെയുള്ള പ്രവർത്തികൾ അംഗീകരിക്കാൻ സാധിക്കില്ലെന്നും അവർ പറഞ്ഞു. പ്രിൻസിപ്പലിനെ പുറത്താക്കണമെന്നും ചിലർ ആവശ്യപ്പെട്ടുണ്ട്.