കൊച്ചി: എട്ടുവർഷമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടാത്ത യുവാവിനെ റൗഡി ലിസ്റ്റിൽ നിന്ന് ഒഴിവാക്കണമെന്ന് ഹൈക്കോടതി. ഫോർട്ട് കൊച്ചി സ്വദേശിയായ യുവാവിൻറെ പേര് പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ നിന്ന് ഒഴിവാക്കാനാണ് ഹൈക്കോടതി ഉത്തരവ്. ശിക്ഷയും കോടതിയും ജയിലുമൊക്കെ ഏതൊരു കുറ്റവാളിറ്റിക്കും മാറാനുള്ള അവസരമാണ്. ഒരാൾ പരിഷ്കരണത്തിന്റെ ഭാഗമാവുകയാണെങ്കിൽ അതിനെ പിന്തുണക്കണം, ഒരിക്കൽ റൗഡിയായിരുന്നയാൾ എല്ലാകാലവും അങ്ങനെ ആകണമെന്നില്ല എന്നും കോടതി നിരീക്ഷിച്ചു. എട്ടുവർഷമായി താൻ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടില്ലെന്നും അതിനാൽ പോലീസ് സ്റ്റേഷനിൽ പ്രദർശിപ്പിച്ചിരിക്കുന്ന റൗഡി ലിസ്റ്റിൽ നിന്ന് തന്റെ ഫോട്ടോയും പേരും മാറ്റണമെന്നും ആവശ്യപ്പെട്ടാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്.
ആദ്യം ഈ ആവശ്യവുമായി പോലീസിനെ സമീപിച്ചിരുന്നെങ്കിലും പോലീസ് അതിന് കൂട്ടാക്കിയില്ല. തുടർന്നാണ് യുവാവ് കോടതിയെ സമീപിച്ചത്. യുവാവിൻ്റെ വാദവും പ്രോസിക്യൂഷൻ നിലപാടും പരിശോധിച്ചാണ് യുവാവിൻറെ ഫോട്ടോയും പേരും റൗഡി ലിസ്റ്റിൽ നിന്ന് ഒഴിവാക്കാൻ കോടതി ഉത്തരവിട്ടത്. പോലീസ് സ്റ്റേഷനുള്ളിൽ പൊതുജനങ്ങൾ കാണുന്നിടത്തല്ല, മറിച്ച് ഉദ്യോഗസ്ഥർക്ക് മാത്രം കാണാവുന്ന സ്ഥലത്തായിരിക്കണം ഇവ പ്രദർശിപ്പിക്കേണ്ടത് എന്നും കോടതി വ്യക്തമാക്കി. 16 കേസുകളാണ് യുവാവിനെതിരെ രജിസ്റ്റർ ചെയ്തിരുന്നത്. 14 എണ്ണത്തിലും ഇയാളെ വെറുതെ വിടുകയും ചെയ്തിരുന്നു. ഒരു കേസ് ഹൈക്കോടതി തന്നെ തീർപ്പാക്കി. മറ്റൊന്നിൽ ഇയാൾ എട്ടാം പ്രതി മാത്രമാണ്.
എന്നാൽ തനിക്കെതിരെ പരാതിക്കാരന് പരാതിയില്ല. ആ കേസിൻ്റെ വിധി വരാൻ അവശേഷിക്കുകയാണ്. കഴിഞ്ഞ എട്ടു വർഷമായി താൻ ഒരു ക്രിമിനൽ കേസിലും പങ്കാളി അല്ല. താൻ മാറ്റത്തിൻറെ പാതയിലാണ്. സഹോദരനൊപ്പം ജോലി നോക്കുന്നു. പ്രായമായ മാതാവിനെ പരിചരിക്കുന്നു. എല്ലാ ആഴ്ചയും കൃത്യമായി പള്ളിയിൽ പ്രാർത്ഥനയ്ക്ക് പോകുന്നു. ഇപ്പോൾ തനിക്ക് വരുന്ന വിവാഹാലോചനകൾക്ക് പോലും ഈ റൗഡി ലിസ്റ്റ് തടസ്സമാകുന്നു എന്നും യുവാവ് ചൂണ്ടിക്കാട്ടി.