ചങ്ങനാശേരി : ചങ്ങനാശേരി നിയോജകമണ്ഡലത്തിൽ മാലിന്യമുക്ത പ്രവർത്തനങ്ങളിൽ മികവുകാട്ടുന്ന ഗ്രാമപഞ്ചായത്തിന് സമ്മാനം നൽകുമെന്ന് അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. പറഞ്ഞു. ചങ്ങനാശേരി നിയോജക മണ്ഡലത്തിലെ മാലിന്യമുക്ത നവകേരളം കാമ്പയിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ചങ്ങനാശേരി മുനിസിപ്പൽ ടൗൺ ഹാളിൽ ചേർന്ന അവലോകനയോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യമുള്ള ജനതയ്ക്ക് ശുചിത്വം അനിവാര്യമാണ്. എല്ലാവരുടെയും ആത്മാർത്ഥമായ പ്രവർത്തനത്തിലൂടെ മാലിന്യ മുക്തകേരളം സാക്ഷാത്കരിക്കാൻ സാധിക്കും. ഹരിതകർമ്മ സേനയുടെ പ്രവർത്തനത്തിൽ ചങ്ങനാശേരി നഗരസഭ സംസ്ഥാനത്ത് രണ്ടാം സ്ഥാനത്താണുള്ളത്. നിയോജകമണ്ഡലത്തിലെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഹരിതകർമ്മ സേനയുടെ സേവനം ലഭ്യമാകുന്നുണ്ടെന്നും എം.എൽ.എ. പറഞ്ഞു.
ചങ്ങനാശേരി നഗരസഭ അധ്യക്ഷ സന്ധ്യ മനോജ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സുജാത സുശീലൻ, കെ. ഡി. മോഹനൻ, ഷീല തോമസ്, തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ മേഴ്‌സി റോയ്, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ശുചിത്വ മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ ബെവിൻ ജോൺ, മാലിന്യമുക്തം നവകേരളം കാമ്പയിൻ കോ-ഓർഡിനേറ്റർ ടി.പി. ശ്രീശങ്കർ, ഹരിതകേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഇൻ ചാർജ്ജ് പി. അജിത് കുമാർ, പഞ്ചായത്ത് സെക്രട്ടറിമാർ, ശുചിത്വ മിഷൻ-ക്ലീൻ കേരള കമ്പനി ഉദ്യോഗസ്ഥർ, ഹരിത സഹായ സ്ഥാപന പ്രതിനിധികൾ, ഹരിതകർമ്മ സേന കൺസോർഷ്യം പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.