കടുങ്ങല്ലൂർ: കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ച് ഒഡീഷ സ്വദേശി മരിക്കുകയും മറ്റു മൂന്ന് പേർക്ക് പൊള്ളലേൽക്കുകയും ചെയ്ത സംഭവത്തിൽ കമ്പനി ഉടമകൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. എടയാർ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന ഇറച്ചി മാലിന്യ സംസ്കരണശാലയായ ഫോർമൽ ട്രേഡ് ലിങ്ക്സ് ഉടമകൾക്കെതിരെ ബിനാനിപുരം പോലീസാണ് കേസെടുത്തത്. ഉടമകളായ മുഹമ്മദ് ഫവാസ്, ഭാര്യ ഹിഷാന, കമ്പനി മാനേജർ മുഹമ്മദ് എന്നിവരാണ് പ്രതികൾ. അപകടത്തെ തുടർന്ന് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരുന്നത്.
പിന്നീട് ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ആലുവ ഇൻസ്പെക്ടർ കെ.ആർ. ഷാജികുമാറിൻ്റെ മൊഴിയുടെയും അന്വേഷണ റിപ്പോർട്ടിൻ്റെയും അടിസ്ഥാനത്തിലാണ് എഫ്.ഐ.ആറിൽ കൂടുതൽ വകുപ്പുകൾ വ്യക്തമാക്കി. ഫാക്ടറിയുടെ പ്രവർത്തനം നിയമപരമല്ലെന്ന് അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഫാക്ടറിസ് ആൻഡ് ബോയിലർ വകുപ്പിൽ ഇവർ സമർപ്പിച്ച് അംഗീകാരം നേടിയ ഡ്രോയിങ്ങിലും സ്റ്റെബിലിറ്റി സർട്ടിഫിക്കറ്റിലും ബോയിലർ സ്ഥാപിക്കുന്നതായി രേഖപ്പെടുത്തിയിരുന്നില്ല.