കോഴഞ്ചേരി: സമൂഹത്തിലെ അനീതികൾക്കെതിരെ പ്രത്യാഘാതങ്ങൾ നോക്കാതെ പ്രതികരിച്ച വിപ്ലവകാരിയായിരുന്നു സരസകവി മൂലൂർ എസ് പത്മനാഭപണിക്കർ എന്ന് പത്തനംതിട്ട ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ജോർജ്ജ് ഏബ്രഹാം പ്രസ്താവിച്ചു. കേരള കോൺഗ്രസ് എം സംസ്കാരവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മൂലൂർ എസ് പത്മനാഭപണിക്കർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്നുപോലും ആളുകൾ തങ്ങൾക്ക് ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ ഭയന്ന് അനീതികൾക്കെതിരെ പ്രതികരിക്കാൻ ഭയക്കുമ്പോൾ നൂറ്റാണ്ടുകൾക്ക് മുൻപുള്ള യഥാസ്ഥിതിക സമൂഹത്തിലെ അനീതികൾക്കെതിരെ ശബ്ദമുയർത്തി എന്നതാണ് സരസകവിയുടെ മഹത്വം എന്നും അദ്ദേഹം പറഞ്ഞു.
കോഴഞ്ചേരി വൈ എം സി എ ഹാളിൽ ചേർന്ന അനുസ്മരണ സമ്മേളനത്തിൽ കേരള കോൺഗ്രസ് എം സംസ്കാരവേദി പത്തനംതിട്ട ജില്ല പ്രസിഡന്റ് ഡോ. അലക്സ് മാത്യു അധ്യക്ഷത വഹിച്ചു. സംസ്കാരവേദി സംസ്ഥാന പ്രസിഡൻറ് ഡോ. വർഗീസ് പേരയിൽ മുഖ്യ പ്രഭാഷണവും കവിയും സംസ്കാരിക പ്രവർത്തകനുമായ പീതാംബരൻ പരുമല അനുസ്മരണ പ്രഭാഷണവും നടത്തി. കവിതകൾ രചിക്കുക മാത്രമല്ല താൻ കവിതകളിലൂടെ ഉയർത്തിയ ആശയങ്ങൾ പ്രാവർത്തികമാക്കുവാൻ വേണ്ടി വിപ്ലവകരമായ ഇടപെടലുകൾ നടത്തിയ വ്യക്തിത്വവുമാണ് മൂലൂർ എസ് പത്മനാഭപണിക്കർ എന്ന് പീതാംബരൻ പരുമല അനുസ്മരിച്ചു.
കേരള കോൺഗ്രസ് എം സംസ്ഥാന സ്റ്റീയറിങ് കമ്മറ്റി അംഗം അഡ്വ. മനോജ് മാത്യു, ആറൻമുള നിയോജകമണ്ഡലം പ്രസിഡന്റ് കുര്യൻ മടയ്ക്കൽ, കെ എസ് സി സംസ്ഥാന ജനറൽ സെക്രട്ടറി റിന്റോ തോപ്പിൽ, കർഷക യൂണിയൻ ജില്ല പ്രസിഡന്റ് ജോൺ വി തോമസ്, സംസ്കാരവേദി പത്തനംതിട്ട ജില്ല ജനറൽ സെക്രട്ടറി ബിജു നൈനാൻ മരുതുക്കുന്നേൽ, പ്രോഗ്രാം കൺവീനർ അടൂർ രാമകൃഷ്ണൻ, എബ്രഹാം കുരുവിള, റെജി വാലേത്ത്പറമ്പിൽ, ഭരത് വാഴുവേലിൽ, മനോജ് കുഴിയിൽ, പി എൻ നഹാസ് എന്നിവർ പ്രസംഗിച്ചു. അനുസ്മരണ പരിപാടിയുടെ ഭാഗമായി നടന്ന കവിയരങ്ങിൽ പീതാംബരൻ പരുമല, വിനോദ് മുളങ്കുഴ, എൻ കെ കുട്ടപ്പൻ, അടൂർ രാമകൃഷ്ണൻ എന്നിവർ തങ്ങളുടെ കവിതകൾ അവതരിപ്പിച്ചു.