റാന്നി: സമരങ്ങള്‍ക്കും കോടതി ഉത്തരവിനും പുല്ലുവില കല്‍പ്പിച്ച് ഒരു വിഭാഗം സ്വകാര്യ, കെ.എസ്.ആർ.ടി.സി ബസുകൾ. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയോരത്ത് സ്ഥിതി ചെയ്യുന്ന റാന്നി പെരുമ്പുഴ ബസ് സ്റ്റാൻഡിൽ കയറാതെയാണ് ഒരു വിഭാഗം സ്വകാര്യ, കെ.എസ്.ആർ.ടി.സി ബസുകൾ സര്‍വ്വീസ് നടത്തുന്നത്. ഇതുമൂലം പലപ്പോഴും റോഡിൽ ഗതാഗതക്കുരുക്ക് ഉണ്ടാവുന്നു. ഉന്നത നിലവാരത്തിൽ റോഡ് വികസിച്ചതോടെ പാതയിൽ ഏതു സമയവും വാഹനങ്ങളുടെ തിരക്കാണ്. ഇതു വകവെയ്ക്കാതെയാണ് ചില സ്വകാര്യ, കെ.എസ്.ആർ.ടി.സി ബസുകൾ റോഡിൽ നിർത്തി യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും. പലപ്പോഴും ബസ് സ്റ്റാൻഡിനോട് ചേർന്നു റോഡിൽ നിർത്തുന്ന ബസുകളിൽ കയറാൻ ആളുകൾ ഓട്ട മത്സരം തന്നെ നടത്തേണ്ട സ്ഥിതിയാണ്. സ്റ്റാന്‍ഡിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ ബസ് കാത്തു നിൽക്കുന്നവർക്ക് സ്റ്റാൻഡിന്റെ പുറത്തു റോഡിൽ വരെ ഓടിയെത്തേണ്ട അവസ്ഥയാണ്.
താലൂക്ക് ആശുപത്രിയിലേക്കും മറ്റും കയറുന്ന വാഹനങ്ങൾ തലങ്ങും വിലങ്ങും പായുമ്പോൾ ഇത്തരത്തിലുള്ള പ്രവണത അപകടം വിളിച്ചു വരുത്തുന്നതാണ്. പത്തനംതിട്ടയിൽ നിന്നും കോഴഞ്ചേരിയിൽ നിന്നും വരുന്ന വാഹനങ്ങൾ റോഡിന്റെ മറുകരയിൽ നിർത്തി ആളുകളെ ഇറക്കിയ ശേഷം പോകുന്ന കാഴ്ചയും കാണാം. അശ്രദ്ധമൂലം റാന്നിയിൽ ഏറ്റവും കൂടുതൽ അപകടം നടക്കുന്ന സ്ഥലം കൂടിയാണ് പെരുമ്പുഴ ബസ് സ്റ്റാൻഡും സ്റ്റാൻഡിന് മുമ്പിലൂടെ കടന്നു പോകുന്ന സംസ്ഥാന പാതയും. ഇത്തരത്തിൽ നിർത്തുന്ന സ്വകാര്യ ബസ്സുകളെ മറികടന്നെത്തുന്ന ഇരുചക്ര വാഹനങ്ങൾക്ക് മുൻവശം കാണാൻ കഴിയാതെ വരുകയും ബസ്സ് സ്ഥാൻഡിൽ നിന്നും പുറത്തേക്ക് വരുന്ന മറ്റു വാഹനങ്ങളിൽ ഇടിക്കുകയും ചെയ്യുന്നത് പതിവാണ്.