കൊളംബോ: ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. പ്രസിഡന്റ് ഗോതാബയ രാജപക്സെ രാജ്യം വിട്ടതിനു പിന്നാലെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
പ്രസിഡന്റ് രാജ്യം വിട്ടതോടെ രോഷാകുലരായ ജനം രാജിയാവശ്യപ്പെട്ട് ശ്രീലങ്കൻ തെരുവുകളിലേക്കിറങ്ങുകയായിരുന്നു. പ്രത്യേക സൈനിക വിമാനത്തിലാണ് ഗോതാബയയും കുടുംബവും മാലിദ്വീപിലേക്ക് കടന്നത്. ഇന്ന് രാജി പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തേ ഗോതാബയ അറിയിച്ചിരുന്നത്.
പ്രസിഡന്റ് രാജി വെക്കുന്നതു വരെ പ്രക്ഷോഭം തുടരുമെന്ന് സമരക്കാർ വ്യക്തമാക്കി. ഇക്കാര്യം ആവശ്യപ്പെട്ട് പാർലമെന്റിലേക്ക് മാർച്ച് നടത്താനാണ് പ്രക്ഷോഭകരുടെ തീരുമാനം. പ്രധാനമന്ത്രി റനിൽവിക്രമിസിംഗെ
സ്ഥാനമൊഴിയണമെന്നുംആവശ്യമുയർന്നിട്ടുണ്ട്. അതിനിടെ,കൊളംബോയിലെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് കടക്കാൻ ശ്രമിച്ച നൂറുകണക്കിന് പ്രതിഷേധക്കാർക്കു നേരെ സൈന്യം കണ്ണീർ വാതകം പ്രയോഗിച്ചു. കൊളംബോയിൽ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് കടക്കാൻ ശ്രമിച്ച ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സുരക്ഷ സൈന്യം കണ്ണീർ വാതകം പ്രയോഗിക്കുന്നതിന്റെ ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ശ്രീലങ്കയിൽ ജനങ്ങൾ പ്രക്ഷോഭവുമായി രംഗത്തെത്താൻ ആരംഭിച്ചത്. ഒറ്റ ദിവസം കൊണ്ട് തുടങ്ങിയതല്ല ശ്രീലങ്കയിലെ ഈ പ്രതിസന്ധി. 2019 മുതല്‍ രാജ്യം സാമ്പത്തിക പ്രതിസന്ധിയിലൂടെ ആണ് കടന്നുപോകുന്നത്. ഈസ്റ്റര്‍ ബോംബിങ്ങും അതിന് ശേഷം കൊവിഡ് പ്രതിസന്ധിയും രാജ്യത്തെ കൂടുതല്‍ പരുങ്ങലില്‍ ആക്കി. നികുതി ഇളവുകളും പണപ്പെരുപ്പവും അതിനോടൊപ്പം ദേശീയ തലത്തില്‍ ജൈവകൃഷിയിലേക്ക് മാറാനുള്ള തീരുമാനവും ഈ പ്രതിസന്ധിയ്ക്ക് വഴിവച്ചവയാണ്. രാജ്യത്തിന്റെ ആകെ വിദേശ കടബാധ്യത 51 ബില്യൺ ഡോളറാണ്, അതിൽ 28 ബില്യൺ ഡോളർ 2027 അവസാനത്തോടെ തിരിച്ചടയ്ക്കണം.