മലപ്പുറം : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൂന്നാമതൊരു സീറ്റ് കൂടി വേണമെന്ന ആവശ്യത്തിൽ കടുംപിടിത്തം തുടര്‍ന്ന് മുസ്ലിം ലീഗ്. മൂന്നാം ലോക്‌സഭാ സീറ്റ് വേണമെന്നും അത് കിട്ടാത്ത പ്രശ്നം ഉണ്ടാവില്ലെന്നും പാര്‍ട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പ്രതികരിച്ചു. മൂന്നാം സീറ്റ് നാളത്തെ ചര്‍ച്ചയില്‍ കിട്ടുമെന്നുതന്നെയാണ് ഉറച്ച വിശ്വാസം. ഇതുസംബന്ധിച്ച തീരുമാനം നാളെത്തന്നെ ഉണ്ടാകണം. ഇനിയും നീട്ടിക്കൊണ്ടുപോകാനാവില്ല. ലോക് സഭ സീറ്റ് മാത്രമാണ് ലീഗ് ചോദിച്ചതെന്നും രാജ്യസഭ ആവശ്യപ്പെട്ടിട്ടില്ലെന്നും പി.എം.എ സലാം കോഴിക്കോട് പ്രതികരിച്ചു.
മൂന്നാം സീറ്റ് ലീഗിന് അനുവദിക്കുന്നതിൽ കോൺഗ്രസ് നേതാക്കൾക്ക് എതിര്‍പ്പുണ്ട്. മൂന്നാം സീറ്റ് ലഭിച്ചില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് ലീഗിന്റെ നിലപാട്. ലീഗ് മൂന്നാം സീറ്റ് ചോദിക്കുന്നതിൽ തെറ്റില്ലെന്നും മുന്നണി രാഷ്ട്രീയത്തിൽ ഇതൊക്കെ സ്വാഭാവികമെന്നുമായിരുന്നു കെസി വേണുഗോപാൽ ആലപ്പുഴയിൽ പ്രതികരിച്ചത്. പരസ്പരം വിട്ടുവീഴ്ച ചെയ്താലേ മുന്നണി മുന്നോട്ട് പോകൂവെന്നും വേണുഗോപാൽ പറഞ്ഞിരുന്നു. ഇത് മുസ്ലിം ലീഗിന്റെ ആവശ്യത്തോടുള്ള കോൺഗ്രസ് നിലപാടിന്റെ പരോക്ഷ സൂചനയായിരുന്നു.