തിരുവനന്തപുരം: സ്വന്തം പാർട്ടിയിലെ നേതാക്കളുടെയും പ്രവർത്തകരുടെയും വീടുകളിൽ വോട്ടു ചോദിച്ച് പോകാനാവാത്ത സ്ഥിതിയാണ് യുഡിഎഫ് സ്ഥാനാർഥിക്കെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ തവണത്തെ നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥിയും ഡിസിസി പ്രസിഡന്റുമായ വി വി പ്രകാശിന്റെ വീട്ടിൽ നിലവിലെ യുഡിഎഫ് സ്ഥാനാർഥി പോയില്ല എന്നാണ് അറിഞ്ഞത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി എന്ന നിലയിൽ അദ്ദേഹവുമായി ഇപ്പോഴത്തെ സ്ഥാനാർഥിക്ക് നല്ല ഹൃദയബന്ധം ഉണ്ടാകേണ്ടതാണ്. അദ്ദേഹത്തിന്റെ വിധവയെയാണ് ആദ്യം കാണേണ്ടിയിരുന്നത്.
സ്ഥാനാർഥിത്വം സംബന്ധിച്ച് കോൺഗ്രസുകാർക്കു തന്നെ എന്താണ് തോന്നുന്നതെന്നാണ് ഇത് തെളിയിക്കുന്നത്. എല്ലാം ഭദ്രമെന്ന് യുഡിഎഫ് പറയുമ്പോഴും ചില കാര്യങ്ങൾ അത്ര ഭദ്രമല്ലെന്നാണ് തെളിയുന്നത്. സാധാരണ കോൺഗ്രസ് പ്രവർത്തകർക്ക് നേതാക്കളിൽ വിശ്വാസമില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തീവ്രവാദ പ്രസ്ഥാനമായ ജമാഅത്തെ ഇസ്ലാമിയെ മഹത്വവൽക്കരിച്ചതിലൂടെ യുഡിഎഫ് നേതൃത്വം അവരുടെ പരാജയം ഉറപ്പാക്കിയെന്നും പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ജമാഅത്തെ പരമാർശം നിലമ്പൂരിൽ സെൽഫ് ഗോളായി മാറുമെന്നും വിജയരാഘവൻ ചൂണ്ടിക്കാട്ടി.