ചാലക്കുടി: തൃശൂരിൽ പുതുക്കാട് സ്റ്റാന്‌റിന് മുൻപിൽ കെഎസ്ആർടിസി ബസിൽ ബൈക്ക് ഇടിച്ചുകയറി ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. വരാക്കര സ്വദേശി മേച്ചേരിപ്പടി വീട്ടിൽ ആൻസന്‍റെ മകൻ 19 വയസുള്ള ആൻസ്റ്റിൻ ആണ് മരിച്ചത്. വരന്തരപ്പിള്ളി പള്ളിക്കുന്ന് സ്വദേശി വെണ്ണാട്ടുപറമ്പിൽ വീട്ടിൽ 19 വയസുള്ള അലനാണ് അപകടത്തിൽ പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ അലൻ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം നടന്നത്.
ചാലക്കുടിയിൽ നിന്ന് മുളങ്കുന്നത്തുകാവിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് സ്റ്റാന്‍റിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് ആമ്പല്ലൂരിൽ നിന്ന് വരികയായിരുന്ന ബൈക്ക് ബസിൽ ഇടിച്ച് കയറിയത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഇരുവരെയും നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആൻസ്റ്റിന്‍റെ ജീവൻ രക്ഷിക്കാനായില്ല. പുതുക്കാട് പോലീസ് സ്ഥലത്തെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്. ദേശീയപാതയിലൂടെ വരുന്ന വാഹനങ്ങൾ ശ്രദ്ധിക്കാതെ ബസുകൾ സ്റ്റാന്‍റിലേക്ക് കടക്കുന്നതും തിരിച്ചുപോകുന്നതും മൂലം നിരവധി അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്.