തിരൂര്‍ : ഒമാനില്‍ നിന്ന് മയക്കുമരുന്നുമായി മുംബൈയിലെത്തി, അവിടെ നിന്ന് ട്രെയിന്‍ മാര്‍ഗം മലപ്പുറം തിരൂരിലെത്തിയ യുവാവും കൂട്ടാളികളും അറസ്റ്റിലായി. ഒമാനില്‍ നിന്നും കേരളത്തിലേക്ക് വില്‍പ്പനയ്ക്കായി എത്തിച്ച 141.58 ഗ്രാം എം.ഡി.എം.എയുമായിട്ടാണ് മൂന്നു പേരെ തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ആനമങ്ങാട് സ്വദേശി പുല്ലാണിക്കല്‍ ഹൈദരലി(29) വേങ്ങര സ്വദേശി കുന്നത്ത് അസൈനാര്‍(37) കണ്ണമംഗലം സ്വദേശി പാറക്കന്‍ മുഹമ്മദ് കബീര്‍(33) എന്നിവരാണ് വ്യാഴാഴ്ച വൈകിട്ട് തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വെച്ച് പോലീസിന്റെ പിടിയിലായത്.
മലപ്പുറം ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് തിരൂര്‍ പോലീസും തിരൂര്‍, പെരിന്തല്‍മണ്ണ ഡാന്‍സാഫ് അംഗങ്ങളും ചേര്‍ന്ന് നഗരത്തില്‍ ഉടനീളം നടത്തിയ പരിശോധനയിലാണ് പ്രതികള്‍ മയക്കുമരുന്നുമായി പിടിയിലായത്. ഹൈദരലി ദിവസങ്ങള്‍ക്കു മുന്‍പ് വിസിറ്റിംഗിനായി ഒമാനില്‍ പോയതായിരുന്നു. മൂന്ന് ദിവസം മുമ്പ് മുംബൈയിലെത്തി മറ്റു രണ്ടുപേരെയും കൂട്ടി അവിടെ നിന്നും ട്രെയിന്‍ വഴിയാണ് തിരൂരില്‍ എത്തിയത്. റെയില്‍വേ സ്റ്റേഷന്‍ സമീപത്തെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ വെച്ച് മയക്കുമരുന്നുമായി കടന്നു കളയാന്‍ ശ്രമിക്കവെയാണ് പോലീസിന്റെ വലയിലായത്.
ഒമാനില്‍ വെച്ച് പാകിസ്താന്‍ സ്വദേശിയാ വില്‍പ്പനക്കാരനില്‍ നിന്നുമാണ് മയക്കുമരുന്ന് വാങ്ങിയതെന്നും 360 റിയാല്‍ നല്‍കിയതായും പിടിയിലായ ഹൈദരലി പോലീസിനോട് പറഞ്ഞു. കേരള വിപണിയില്‍ 5 ലക്ഷത്തോളം രൂപയ്ക്ക് വില്‍ക്കാനാണ് തയ്യാറെടുത്തിരുന്നത്. ഒമാനില്‍ നിന്നും ലഭിക്കുന്ന എംഡിഎംഎ ഏറ്റവും വീര്യം കൂടിയ ഇനമാണെന്നും ഇതിന് ഡിമാന്‍ഡ് കൂടുതലാണെന്നുമാണ് പിടികൂടിയ പ്രതികള്‍ പറയുന്നത്. തിരൂര്‍ ഡി.വൈ.എസ്.പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ കെ.ജെ.ജിനേഷ് , എസ്.ഐആര്‍.പി. സുജിത്ത്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അരുണ്‍, കെ.ആര്‍.രാജേഷ് , ബിനു,ധനീഷ് കുമാര്‍, വിവേക്, സതീഷ് കുമാര്‍, ദില്‍ജിത്, സുജിത്, ജവഹര്‍ എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്.