ഗുവാഹത്തി : വിവാഹത്തിൽ നിന്ന് കാമുകി പിന്മാറിയതിനെതുടർന്ന് യുവാവിന്‍റെ ആത്മഹത്യ. ഫേസ്ബുക്ക് ലൈവ് ചെയ്താണ് യുവാവ് ജീവനൊടുക്കിയത്. കുടുംബത്തിന്‍റെ സമ്മർദം കാരണമാണ് കാമുകി പിന്മാറിയതെന്നും യുവാവ് ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു. ഇതിന് ശേഷമായിരുന്നു 27 കാരൻ ജീവനൊടുക്കിയത്. മെഡിക്കൽ സെയിൽസിൽ ജോലിചെയ്യുന്ന അസമിലെ ജയദീപ് റോയ് ആണ് ഫേസ്ബുക്ക് ലൈവിൽ ജീവനൊടുക്കിയത്.
സിൽച്ചാറിലെ വാടകമുറിയിൽ യുവാവ് തൂങ്ങിമരിക്കുകയായിരുന്നു. ആദ്യം പോലീസിൽ പരാതിയുമായി പോകാതിരുന്ന ജയദീപിന്‍റെ കുടുംബം ഇപ്പോൾ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതിന് പിന്നാലെ പോലീസ് സംഭവത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിവാഹാഭ്യർത്ഥനയുമായി വീട്ടിൽ പോയപ്പോൾ ഉണ്ടായ അനുഭവവും വിവരിച്ച ശേഷമാണ് ജയ്ദീപ് ജീവനൊടുക്കിയത്.
വീട്ടിൽ എല്ലാവരുടെയും മുന്നിൽ വെച്ച് അവൾ എന്നെ തിരസ്കരിച്ചു. ഞങ്ങളുടെ ബന്ധം കുടുംബത്തിന് ഇഷ്ടമായിരുന്നില്ല. ഇനിയും തുടർന്നാൽ അവളെ കൊന്നുകളയുമെന്ന് അവളുടെ അമ്മാവൻ ഭീഷണിപ്പെടുത്തിയെന്നും ജയ്ദീപ് വിവരിച്ചു. അതുകൊണ്ട് അവൾ വിഷമിക്കാതിരിക്കാനായി ഞാൻ ഈ ലോകത്ത് നിന്ന് പോവുകയാണ്. എല്ലാവരോടും ഞാൻ മാപ്പ് ചോദിക്കുന്നുവെന്നും എല്ലാവരെയും ഞാൻ സ്നേഹിക്കുന്നുവെന്നും യുവാവ് മരണത്തിന് മുന്നെ പറഞ്ഞു. പക്ഷേ എല്ലാവരെക്കാളും ഞാൻ എന്‍റെ കാമുകിയെ സ്നേഹിക്കുന്നുവെന്നും അവൾക്ക് വിഷമമുണ്ടാകാതിരിക്കാൻ മരിക്കുകയാണെന്നും പറഞ്ഞശേഷമാണ് ജയ്ദീപ് ജീവനൊടുക്കിയത്.