പത്തനംതിട്ട : കോന്നി ഇളകൊള്ളൂരിൽ വീടിന് തീപിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ വീട്ടിൽ വഴക്ക് പതിവെന്ന് അയൽവാസികൾ. മകൻ മനോജ് വീടിന് തീയിട്ടപ്പോൾ അച്ഛനും അമ്മയും പുറത്തിറങ്ങിയെന്നും അയൽവാസികൾ പറഞ്ഞു. സംഭവത്തിൽ പോലീസ് ഫോറൻസിക് പരിശോധന നടത്തും. മദ്യലഹരിയിൽ മനോജ് തന്നെ വീടിന് തീവെച്ചതാണെന്നാണ് പോലീസ് സംശയിക്കുന്നത്. അമ്മ ഉൾപ്പെടെയുള്ള ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തും. ഇന്നലെ രാത്രിയും വഴക്കുണ്ടായിരുന്നുവെന്ന് നാട്ടുകാരനായ ശശിധരൻ പറഞ്ഞു. മകൻ വീടിന് തീയിട്ടപ്പോൾ അച്ഛൻ പുറത്തേക്ക് പോയി അമ്മയും പുറത്തിറങ്ങി. ഉഗ്ര ശബ്ദത്തോടെ തീ ആളിക്കത്തുകയായിരുന്നുവെന്ന് ശശിധരൻ പറയുന്നു. കുടുംബാംഗങ്ങൾ എല്ലാം മദ്യലഹരിയിൽ ആയിരുന്നു എന്ന് അയൽക്കാരി ശാരദ പറയുന്നു.
കഴിഞ്ഞദിവസം മദ്യപാനം നടന്നുവെന്നും ഇതിനിടെ മനോജ് മാതാപിതാക്കളുമായി തർക്കത്തിൽ ഏർപ്പെട്ടെന്നും പോലീസ് പറയുന്നു. ഇതിനിടെയാണ് മനോജ് വീടിന് തീ വെച്ചതെന്നാണ് പോലീസ് കരുതുന്നത്. പ്രശ്‌നം തുടങ്ങിയപ്പോൾ തന്നെ പിതാവ് വീട്ടിൽ നിന്ന് പോയി. മാതാവ് വനജ പ്രശ്‌നം കണ്ടതോടെ പുറത്തിറങ്ങിയെന്ന് പോലീസ് പറയുന്നു. എന്നാൽ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന്റെ കാരണമെന്ന നിഗമനവും പോലീസ് തള്ളുന്നില്ല. വീട് പൂർണമായി കത്തി നശിച്ചു. ഫയർഫോഴ്‌സ് നടത്തിയ പരിശോധനയിലാണ് മനോജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.