മലപ്പുറം: നിലമ്പൂരില്‍ ലോറി ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം. നിലമ്പൂര്‍ ചാലിയാര്‍ പഞ്ചായത്തിലെ അകമ്പാടം കളക്കുന്ന് സ്വദ്ദേശി പരിയാരതൊടി ഷിനുവാണ് മരിച്ചത്. നിലമ്പൂര്‍ മീഡിയ സ്പോട്ടിലെ ജീവനക്കാരനായ ഷിനു കൂട്ടുകാരനൊപ്പം ഫ്ലക്സ് സ്ഥാപിച്ച ശേഷം മമ്പാട് ടൗണില്‍ നിന്നും ഭക്ഷണം കഴിച്ച് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങവെയാണ് അപകടം. ബൈക്കില്‍ ഇടിച്ച ലോറി നിര്‍ത്താതെ കടന്നുകളഞ്ഞു. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നില്‍ ലോറി ഇടിക്കുകയായിരുന്നു.
ഉടന്‍ തന്നെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബൈക്കില്‍ നിന്നും തെറിച്ചുവീണ ഷിനുവിന്റെ ശരീരത്തിലൂടെയാണ് ലോറി കയറിയത്. എന്നാല്‍ അപകടസമയം ബൈക്കില്‍ കൂടെയുണ്ടായിരുന്ന സുഹൃത്ത് നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു. ലോറി പിടികൂടാന്‍ നിലമ്പൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവാവിന്റെ മൃതദേഹം ജില്ലാ ആശുപത്രിയില്‍ നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.