പത്തനംതിട്ട : പതിനാറുകാരിയെ ലൈംഗികപീഡനത്തിന് വിധേയയാക്കിയ കേസിൽ പ്രതിയായ യുവാവിനെ ചിറ്റാർ പോലീസ് പിടികൂടി. മൈലപ്ര ചീങ്കൽതടം സ്വദേശി അതുൽ (20)ആണ് അറസ്റ്റിലായത്. കഴിഞ്ഞമാസം 13 ന് ഉച്ചയ്ക്ക് പെൺകുട്ടി പഠിക്കുന്ന സ്കൂളിൽ നിന്നും ഇയാൾ ബൈക്കിൽ കയറ്റി വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് കുട്ടിയുടെ ഫോട്ടോയും മൊബൈൽ ഫോണിൽ പകർത്തി. ഇന്നലെ പത്തനംതിട്ട വനിതാസെല്ലിൽ വീട്ടുകാർ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പത്തനംതിട്ട പോലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. തുടർന്ന് ചിറ്റാർ പോലീസിന് കൈമാറുകയും പ്രതിക്കെതിരെ ബലാൽസംഗത്തിനും പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരവും ചിറ്റാർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.
പോലീസ് ഇൻസ്‌പെക്ടർ ബി രാജഗോപാലിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ യുവാവിനെ ചീങ്കൽതടത്തിൽ നിന്നും ഉടനടി പിടികൂടി. പെൺകുട്ടിയുടെ വൈദ്യപരിശോധന പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നടത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. കോടതി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. വിശദമായ ചോദ്യം ചെയ്യലിൽ യുവാവ് കുറ്റം സമ്മതിച്ചു, തുടർന്ന് ഇന്നുരാവിലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇയാളുടെ കുറ്റസമ്മതമൊഴി പോലീസ് രേഖപ്പെടുത്തുകയും വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്തു. കുട്ടിയുടെ ചിത്രങ്ങൾ പകർത്തിയ മൊബൈൽ ഫോൺ ഇയാളിൽ നിന്നും പോലീസ് പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.