കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ താമസസ്ഥലത്ത് കയറി അഞ്ചംഗ സംഘം പണം കവർന്നെന്ന പരാതിയുമായി സ്റ്റേഷനിലെത്തിയ യുവാവിൻ്റെ ഫോണിൽ പാകിസ്ഥാൻ ഫോൺ നമ്പരുകൾ ഉൾപ്പെടുന്ന വാട്സാപ്പ് ഗ്രൂപ്പ്. പോഞ്ഞാശേരിയിൽ വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശിയായ യുവാവിനെ ഐബി ഉദ്യോഗസ്ഥർ അടക്കം ചോദ്യം ചെയ്തു. അശ്ലീല വീഡിയോ കാണാനും കൈമാറാനുമായുള്ള ഗ്രൂപ്പാണ് ഇതെന്നാണ് പോലീസിൻ്റെ കണ്ടെത്തൽ. അഞ്ചംഗ സംഘം താൻ താമസിക്കുന്ന സ്ഥലത്തെത്തി 37,000 രൂപ കവർന്നെന്ന പരാതിയുമായാണ് പോഞ്ഞാശേരിയിൽ വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശി എംഡി മുബാറക്ക് ഹുസൈൻ പോലീസ് സ്റ്റേഷനിൽ എത്തുന്നത്. കൂടുതൽ അന്വേഷിച്ചപ്പോൾ മുബാറക്ക് നേതൃത്വം നൽകുന്ന ചീട്ടുകളി സംഘത്തിൽ നിന്നാണ് പണം നഷ്ടമായതെന്ന് മനസിലായത്.
പ്രതികളായ പോഞ്ഞാശ്ശേരി സ്വദേശികളായ റിൻഷാദ്, സലാം, വലിയകുളം സ്വദേശികളായ ബേസിൽ, സലാഹുദ്ദീൻ, ചേലക്കുളം സ്വദേശി അനു എന്നിവരെ പോലീസ് പിടികൂടി. പരാതിക്കാരനായ മുബാറക്കിന്‍റെ ഫോൺ പോലീസ് പരിശോധിച്ചപ്പോഴാണ് 32 പാകിസ്ഥാൻ ഫോൺ നമ്പറുകൾ ഉൾപ്പെടുന്ന വാട്സ്ആപ്പ് ഗ്രൂപ്പ് കണ്ടെത്തിയത്. സംശയത്തെ തുടര്‍ന്ന് ഐബി ഉദ്യോഗസ്ഥർ അടക്കം പ്രതിയെ ചോദ്യം ചെയ്തു. അശ്ലീല വീഡിയോകൾ കാണാനും കൈമാറാനുമാണ് ഈ ഗ്രൂപ്പ് ക്രിയേറ്റ് ചെയ്തത് എന്നാണ് പോലീസിന്‍റെ നിഗമനം. രണ്ടുമാസം മുൻപാണ് ഈ വാട്സ്ആപ്പ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്തിട്ടുള്ളത്.
പാകിസ്ഥാനിൽ നിന്നുള്ള ഒരു ഫോൺ നമ്പർ ആണ് ഇതിന്റെ അഡ്മിൻ. ഇയാളുടെ നേതൃത്വത്തിലുള്ള ചീട്ടുകളി കേന്ദ്രത്തിൽ നിന്ന് 5 അംഗ സംഘം പണം കവർന്നതുമായി ബന്ധപ്പെട്ട് പരാതി നൽകാൻ എത്തിയപ്പോൾ പോലീസ് ഫോൺ പരിശോധിക്കുകയായിരുന്നു. അങ്ങനെയാണ് വാട്സാപ്പ് ഗ്രൂപ്പ് ശ്രദ്ധയിൽപ്പെട്ടത്. നിരവധി വീഡിയോകളും ഫോണിൽ നിന്ന് പോലീസ് കണ്ടെടുത്തു. ഐടി ആക്ട് പ്രകാരവും പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻസ് ഫ്രം സെക്ഷ്വൽ ഒഫൻസ് ആക്ട് പ്രകാരവും കേസ് എടുത്ത ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.