നോയിഡ: വാരാന്ത്യ ആഘോഷം പൊടിപൊടിച്ചതിന് പിന്നാലെ ബൈക്കുമായി ഫ്ലൈ ഓവറിൽ നിന്ന് താഴേയ്ക്ക് വീണ യുവാവിന് ദാരുണാന്ത്യം. മദ്യപിച്ച് ലക്കുകെട്ട നിലയിൽ ബൈക്കുമായി ഫ്ലൈ ഓവറിൽ നിന്ന് ഇരുപത് അടിയോളം താഴെ വീണ യുവാവ് ഗുരുതര പരിക്കുകൾ മൂലം ചികിത്സയിലിരിക്കെ മരിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ശനിയാഴ്ച പുലർച്ചെയോടെയാണ് യുവാവിന്റെ ബൈക്ക് ഡിവൈഡറിൽ തട്ടി ഫ്ലൈ ഓവറിന് താഴേയ്ക്ക് വീണത്. ഗാസിയാബാദിലാണ് സംഭവം. അവദേശ് കുമാർ എന്ന 38കാരനാണ് താക്കൂർദ്വാര ഫ്ലൈ ഓവറിൽ നിന്ന് ബൈക്കുമായി താഴേയ്ക്ക് വീണത്.
ബിഹാറിലെ ബാഗൽപൂർ സ്വദേശിയാണ് ഇയാൾ. പോലീസ് പട്രോളിംഗ് സംഘം ഇയാളെ ഗുരുതര പരിക്കുകളോട് എംഎംജി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഫ്ലൈ ഓവറിന്റെ മധ്യ ഭാഗത്ത് നിന്ന് 20 അടി താഴ്ചയിലേക്ക് വീണതായാണ് പോലീസ് വിശദമാക്കുന്നത്. ഇയാളുടെ വാഹനം അമിത വേഗത്തിലായിരുന്നുവെന്നും മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു യുവാവ് ഉണ്ടായിരുന്നതെന്നും പോലീസ് വിശദമാക്കി. ലോഹ മന്ദിയിലുള്ള ഒരു വെയർ ഹൌസിലെ ജീവനക്കാരനായിരുന്ന ഇയാൾ താമസ സ്ഥലത്തേക്ക് മടങ്ങുകയായിരുന്നു. ഇയാളുടെ ബൈക്കും പൂർണമായി തകർന്ന നിലയിലാണ് ഉള്ളത്.