ചെന്നൈ : തിരക്കേറിയ ട്രെയിനിന്റെ ജനറൽ കോച്ചിൽ വാതിലിന് സമീപം നിന്ന് യാത്ര ചെയ്യുകയായിരുന്ന യുവാവ് ട്രാക്കിലേക്ക് വീണ് ഇടതു കൈയറ്റു. കഴിഞ്ഞ ദിവസം രാത്രി ചെന്നൈയിലായിരുന്നു സംഭവം. അരുൺ കുമാർ എന്ന 28കാരനാണ് പരിക്കേറ്റത്. ട്രെയിനിൽ യാത്ര ചെയ്യുന്ന സമയത്ത് ഇയാൾ മദ്യ ലഹരിയിലായിരുന്നു എന്ന് പോലീസ് പറയുന്നു. ആലപ്പുഴ – ധൻബാദ് എക്സ്പ്രസിൽ നിന്നാണ് യുവാവ് ട്രാക്കിലേക്ക് വീണത്. പരിക്കുകളോടെ യുവാവിനെ ചെന്നൈ ഗവ. സ്റ്റാൻലി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില ഇപ്പോഴും ഗുരുതരമാണ്. ഒരു സുഹൃത്തിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനായാണ് യുവാവ് ചെന്നൈയിലെത്തിയത്. വിവാഹത്തിന് ശേഷം ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ നിന്ന് ധൻബാദ് എക്സ്പ്രസിൽ കയറി.
കൺഫേംഡ് റിസർവേഷൻ ടിക്കറ്റ് ഇല്ലാതിരുന്നതിനാൽ യുവാവ് ജനറൽ കോച്ചിലാണ് കയറിയത്. നല്ല തിരക്കുണ്ടായിരുന്നതിനാൽ ഡോറിന് സമീപം ഫുട്ട്ബോർഡ് സ്റ്റെപ്പിൽ ഇരുന്നു. ട്രെയിൻ അൽപനേരം ഓടിക്കഴിഞ്ഞപ്പോൾ ബാലൻസ് തെറ്റി അരുൺ ട്രാക്കിലേക്ക് വീഴുകയായിരുന്നു. ഇയാളുടെ ഇടത് കൈയിലൂടെ ട്രെയിൻ കയറി ഗുരുതര പരിക്കേറ്റു. മറ്റ് യാത്രക്കാർ വിവരമറിയിച്ചത് അനുസരിച്ച് റെയിൽവെ ഉദ്യോഗസ്ഥർ ട്രെയിൻ നിർത്തി യുവാവിനെ എടുത്ത് ഗവ. സ്റ്റാൻസി ആശുപത്രിയിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പരിശോധനയിൽ യുവാവ് മദ്യ ലഹരിയിലായിരുന്നുവെന്ന് സ്ഥിരീകരിച്ചതായി പിന്നീട് പോലീസ് അറിയിച്ചു.