ബെംഗളൂരു: ബെംഗളൂരുവിലെ മുരുഗേഷ്പാല്യ പ്രദേശത്ത് വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിന് ഇരുപത്തഞ്ചുകാരിയെ കുത്തിക്കൊന്ന് യുവാവ്. ആന്ധ്രാപ്രദേശ് സ്വദേശിയായ ലീല പവിത്ര എന്ന യുവതിയാണു കൊല്ലപ്പെട്ടത്. ആന്ധ്രാ സ്വദേശിയായ ദിനകറി(28)നെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി ഏഴരയോടെയാണു സംഭവം. സ്വകാര്യ സ്ഥാപനത്തിലെ ജിവനക്കാരിയായ ലീലയെ ഓഫിസിനു പുറത്തുവച്ചാണ് ദിനകര്‍ ആക്രമിച്ചത്. ചൊവ്വാഴ്ച ലീല ഓഫിസില്‍നിന്നു വീട്ടിലേക്കു പോകവെ പുറത്തു കാത്തുനിന്ന ദിനകര്‍ അപായപ്പെടുത്തുകയായിരുന്നു.
ലീലയെ കണ്ടതും ഇയാള്‍ കയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച് വയറ്റില്‍ ആഴത്തില്‍ കുത്തി. തുടര്‍ന്ന് കഴുത്തിലും നെഞ്ചിലും മാറിമാറി കുത്തിയശേഷം അവിടെനിന്ന് ഓടി രക്ഷപ്പെട്ടു. പതിനഞ്ചു തവണ ഇയാള്‍ ലീലയെ മാറിമാറി കുത്തിയെന്നാണ് പോലീസ് പറയുന്നത്. പ്രദേശത്തുള്ളവര്‍ ലീലയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു എന്ന് പോലീസ് അറിയിച്ചു.
ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും രണ്ടു വീട്ടുകാരെയും വിവരം അറിയിക്കുകയും ചെയ്തു. എന്നാല്‍ ഇതര ജാതിയില്‍പ്പെട്ട ആളായതിനാല്‍ ലീലയുടെ കുടുംബം വിവാഹത്തിന് സമ്മതിച്ചില്ല. പ്രണയത്തില്‍നിന്നു പിന്മാറണമെന്നും ആവശ്യപ്പെട്ടു. ഇതോടെ ലീല വിവാഹത്തില്‍നിന്നു പിന്മാറി. ഇതറിഞ്ഞ ദിനകര്‍ ലീലയെ നേരിട്ടുകണ്ടു സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും ലീല സമ്മതിച്ചില്ല. ഇതോടെ ലീലയെ കൊലപ്പെടുത്താന്‍ പ്രതി തീരുമാനിച്ചതായാണ് പോലീസ് പറയുന്നത്.