തിരുവനന്തപുരം : ബന്ധുക്കൾക്ക് നിയമനം ആവശ്യപ്പെട്ട് എങ്ങും പോയിട്ടില്ലെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. സ്കോൾ കേരളയിൽ റഹീമിന്‍റെ സഹോദരിയുടെ നിയമനം സംബന്ധിച്ച പ്രതികരിക്കുകയായിരുന്നു റഹീം. 10 വർഷം താൽക്കാലികമായി ജോലി ചെയ്തവരെ സ്ഥിരപ്പെടുത്തുന്നത് സർക്കാർ നയമാണെന്നും അതില്‍ അസാധാരണത്വമില്ലെന്നും റഹീം പറഞ്ഞു. എല്‍.ഡി.എഫ് സർക്കാരിന്‍റെ കാലത്ത് നിയമിതരായ 55 പേർക്ക് സ്കോള്‍ കേരളയില്‍ സ്ഥിര നിയമനം നൽകുന്നതുമായി ബന്ധപ്പെട്ട് വാര്‍ത്ത പുറത്ത് വന്നിരുന്നു.
ഡി.വൈ.എഫ്. ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിന്‍റെ സഹോദരി ഷീജ എൻ , ദേശാഭിമാനിയിലെ ജീവനക്കാരുടെ ബന്ധുക്കൾ, പാർട്ടി പ്രവർത്തകർ തുടങ്ങി സി.പി.എമ്മുമായി അടുപ്പമുള്ളവർക്ക് മാത്രമാണ് നിയമനം നൽകുന്നത്. യു.ഡി.എഫിന്‍റെ കാലത്ത് നിയമിതരായ 28 പേർക്ക് സ്ഥിരം നിയമനം നൽകിയിട്ടുമില്ല. സ്ഥിരം നിയമനം ലഭിക്കുന്നതോടെ സർക്കാർ ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന ശമ്പളവും , മറ്റ് ആനുകൂല്യങ്ങളും ഇവർക്ക് ലഭിക്കും. പി.എസ്.സിയെ നോക്കുകുത്തിയാക്കിയാണ് താൽകാലികക്കാരെ സ്ഥിരപെടുത്തുന്നതാണ് ആക്ഷേപം ഉയരുന്നത്.