ഡല്‍ഹി : ഹിന്ദി ഇതര ഭാഷക്കാര്‍ ഇംഗ്‌ളീഷിന് പകരം പൊതു ഭാഷയായി ഹിന്ദി ഉപയോഗിക്കണം എന്ന അമിത്ഷായുടെ പ്രഖ്യാപനം രാജ്യത്തിന്റെ ബഹുസ്വരതയ്ക്ക് നേരെയുള്ള കടന്നാക്രമണമാണെന്ന് എ എ റഹീം എംപി. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് എ എ റഹീം എം പി ഇക്കാര്യം വ്യക്തമാക്കിയത്.
എ എ റഹീം എം പി യുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:-
ഹിന്ദി ഇതര ഭാഷക്കാര്‍ ഇംഗ്‌ളീഷിന് പകരം പൊതു ഭാഷയായി ഹിന്ദി ഉപയോഗിക്കണം എന്ന അമിത്ഷായുടെ പ്രഖ്യാപനം രാജ്യത്തിന്റെ ബഹുസ്വരതയ്ക്ക് നേരെയുള്ള കടന്നാക്രമണമാണ്. ‘ഒരു രാഷ്ട്രം,ഒരു ഭാഷ,ഒരു സംസ്‌കാരം’
എന്നത് ആര്‍എസ്‌എസ് അജണ്ടയാണ്. ഹിന്ദു,ഹിന്ദി,ഹിന്ദുസ്ഥാന്‍…
സംഘപരിവാറിന്റെ ഈ രാഷ്ട്രീയ ലക്ഷ്യമാണ് അമിത്ഷാ ആവര്‍ത്തിച്ചത്.
ഇത് അംഗീകരിക്കാനാകില്ല.
ഇന്ത്യയിലെ എല്ലാ പ്രാദേശിക ഭാഷകള്‍ക്കും ഹിന്ദിഭാഷയ്ക്കുള്ള തുല്യ പ്രാധാന്യവും പ്രസക്തിയുമുണ്ട്.അത് നിഷേധിക്കാന്‍ അനുവദിക്കില്ല. ഭരണഘടനയുടെ ഹൃദയം തന്നെ ബഹുസ്വരതയാണ്.ഭാഷാപരമായ വൈവിധ്യങ്ങള്‍ തകര്‍ക്കാന്‍ നമ്മള്‍ അനുവദിച്ചുകൂട. വില വര്‍ധനവില്‍ ജനജീവിതം പൊള്ളുകയാണ്.ഓരോദിവസവും
ഇന്ധന വില വര്‍ധിപ്പിക്കുന്നു. പൊതു സ്വത്ത് കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കുന്നു.
സാധാരണ ഇന്ത്യക്കാരന്റെ പ്രശ്‌നം ഏതു ഭാഷയില്‍ സംസാരിക്കും എന്നല്ല,എങ്ങനെ ജീവിക്കും എന്നതാണ്.ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളില്‍ നിന്നും ചര്‍ച്ചയെ വഴിതിരിച്ചു വിടാനാണ് ഇത്തരം വിഷം വമിപ്പിക്കുന്ന പ്രസ്താവനകളുടെ മറ്റൊരു ലക്ഷ്യം.
വിഭജിപ്പിച്ചു ഭരിക്കാന്‍ ശ്രമിക്കുകയാണ് ബിജെപി. ഹിന്ദിഭാഷ എല്ലാവരിലും
അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തിനെതിരെ ശബ്ദമുയര്‍ത്തുക. ദുരിതമനുഭവിക്കുന്ന എല്ലാ മതക്കാരും എല്ലാ ഭാഷക്കാരും ജനവിരുദ്ധ ഭരണത്തിനെതിരെ ഒരൊറ്റ ശബ്ദമാവുക. ഇംഗ്ലീഷിന് ബദലായി ഹിന്ദി മാറണമെന്നാണ് പാര്‍ലമെന്ററി ഔദ്യോഗിക ഭാഷാ സമിതിയുടെ 37-ാമത് യോഗത്തില്‍ അമിത് ഷാ പറഞ്ഞത്.
അമിത്ഷായുടെ ഈ പ്രയോഗത്തിനെതിരെ ജോണ്‍ ബ്രിട്ടാസ് എം പി യും രംഗത്തെത്തിയിരുന്നു. മറ്റു ഭാഷകള്‍ക്ക് മേല്‍ ഹിന്ദിയെ സ്ഥാപിക്കുന്നതിനോട് വിയോജിക്കുന്നുവെന്നും ഭരണഘടനയുടെ എട്ടാം പട്ടികയിലുള്ള 22 ഭാഷകളും നമുക്ക് ദേശീയ ഭാഷകളാണെന്നും ഭരണഘടനക്ക് മേല്‍ ആയിരിക്കരുത് ഏതെങ്കിലും മേലാളന്മാരുടെ പ്രഖ്യാപനങ്ങളെന്നും ജോണ്‍ ബ്രിട്ടാസ് എം പി പ്രതികരിച്ചു.