കൊല്ലം : വിസ്മയ കേസിൽ ഭർത്താവും പ്രതിയുമായ കിരൺ കുമാർ സമർപ്പിച്ച ജാമ്യഹർജി ശാസ്താംകോട്ട ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി തള്ളി. ഇതോടെ ഗാർഹികപീഡനം, സ്ത്രീധന പീഡനം വകുപ്പുകൾ ചുമത്തിയിട്ടുള്ള കിരൺ ജുഡീഷ്യൽ കസ്റ്റഡിയിൽ തന്നെ തുടരും. കിരൺ സമർപ്പിച്ച ജാമ്യഹർജിയെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു. അഡ്വക്കേറ്റ് ബി.എ. ആളൂരാണ് കിരണിനു വേണ്ടി ഹാജരായത്.
വിസ്മയയുടെ മരണത്തിൽ കിരണിനു പങ്കില്ലെന്ന നിലപാട് തന്നെയാണ് ജാമ്യ ഹർജിയിലും ആവർത്തിച്ചത്. നിലവിൽ കോവിഡ് ബാധിതനായി നെയ്യാറ്റിൻകര സബ് ജയിലിൽ കഴിയുന്ന കിരണിനെ അസുഖം മാറുന്ന മുറയ്ക്കു വീണ്ടും പോലീസ് കസ്റ്റഡിയിൽ വാങ്ങും. വിസ്മയയുടെ വീട്ടിൽ കിരണുമായി തെളിവെടുപ്പ് പൂർത്തിയാക്കേണ്ടതുണ്ട്.
കിരണിനെതിരെ 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാനാണ് പോലീസിന്റെ നീക്കം. കേസിന്റെ ഗൗരവ സ്വഭാവം പരിഗണിച്ചു കുറ്റപത്രം തയ്യാറാക്കുന്നതിനും വിചാരണയ്ക്കും സ്പെഷൽ പ്രോസിക്യൂട്ടർ വേണമെന്ന് അന്വേഷണത്തിന്റെ തുടക്കത്തിൽ തന്നെ പോലീസ് തീരുമാനിച്ചിരുന്നു.