ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി സ്ഥാനത്ത് കെജ്രിവാൾ മതിയെന്നാണ് പാർട്ടിയുടെ ഔദ്യോഗിക തീരുമാനമെന്ന് ആംആദ്മി നേതാവ് സഞ്ജയ് സിംഗ്. ഡൽഹിയിൽ ഭരണ പ്രതിസന്ധിയില്ലെന്നും അദ്ദേഹം പറഞ്ഞു. മദ്യനയകേസിൽ ജയിൽ മോചിതനായ ആംആദ്മി പാർട്ടി നേതാവ് സഞ്ജയ് സിംഗ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്റെ പേരില്ലെന്നും കെജ്രിവാളിനാണ് ഡൽഹിയിലെ ജനങ്ങൾ വോട്ടു ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. മദ്യനയകേസിലെ പല രേഖകളും ഇഡി മറച്ചു വച്ചാണ് നേതാക്കൾക്ക് ജാമ്യം നിഷേധിക്കുന്നത്. ഡൽഹിയിലെ ഭരണം സ്തംഭിപ്പിക്കരുത് എന്നാണ് നിർദ്ദേശം. ആരോഗ്യം, വിദ്യാഭ്യാസം, വൈദ്യുതി തുടങ്ങിയവയിലെ മാതൃക പ്രവർത്തനം തുടരണം എന്നാണ് സന്ദേശമെന്നും അദ്ദേഹം അറിയിച്ചു.
കെജ്രിവാൾ ജയിലിൽ ആണെങ്കിലും മന്ത്രിമാരും എംഎൽഎമാരും ജനങ്ങൾക്കിടയിലേക്കിറങ്ങണം. കെജ്രിവാൾ കുറ്റാരോപിതൻ മാത്രമാണ്. കുറ്റവാളി അല്ല. കെജ്രിവാൾ രാജിവയ്ക്കണം എന്ന് ഭരണഘടനയിൽ ഒരു വ്യവസ്ഥയുമില്ല. ഹൈക്കോടതി മൂന്ന് അപേക്ഷകൾ തള്ളി. രാജിവയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്നാണ് ഹൈക്കോടതി പറഞ്ഞത്. കെജ്രിവാൾ രാത്രിയും പകലും ഡൽഹിയിലെ ജനങ്ങൾക്ക് വേണ്ടിയാണ് ജോലി ചെയ്തത്. കെജ്രിവാൾ ഇനിയും മുഖ്യമന്ത്രിയായിരിക്കുമെന്നാണ് പാർട്ടി നിലപാടെന്നും സഞ്ജയ് സിംഗ് പറഞ്ഞു.