ഡല്‍ഹി: അരവിന്ദ് കെജ്രിവാളിനെതിരെ പുതിയ ആരോപണവുമായി കോണ്‍ഗ്രസും ബിജെപിയും. മുഖ്യമന്ത്രിയുടെ വസതി മോടി പിടിപ്പിക്കാന്‍ കെജ്രിവാള്‍ 45 കോടി രൂപ ചെലവഴിച്ചുവെന്നാണ് ആരോപണം. കെജ്രിവാള്‍ തന്റെ വസതിയില്‍ ഡിയോര്‍ പോളിഷ്, വിയറ്റ്‌നാം മാര്‍ബിള്‍, വിലകൂടിയ കര്‍ട്ടനുകള്‍, ഉയര്‍ന്ന നിലവാരമുള്ള പരവതാനികള്‍ എന്നിവയ്ക്കായി കോടികള്‍ ചെലവഴിച്ചുവെന്നാണ് ആരോപണം. കെജ്രിവാള്‍ മഹാരാജാവിനെ പോലെയാണ് ജീവിക്കുന്നതെന്നും അദ്ദേഹത്തിന്റെ ആഢംബര ജീവിതം കണ്ട് രാജാക്കന്മാര്‍ പോലും വണങ്ങിപ്പോകുമെന്നും ബിജെപി വക്താവ് സംബിത് പത്ര പരിഹസിച്ചു.
അതേസമയം, കെജ്രിവാളിനെ പിന്തുണച്ച് ആം ആദ്മി പാര്‍ട്ടിയും രംഗത്തെത്തി. മുഖ്യമന്ത്രി കഴിയുന്നത് 1942 ല്‍ പണിത 75-80 വര്‍ഷം പഴക്കമുള്ള വസതിയിലാണെന്നും ഓഡിറ്റിന് ശേഷമാണ് വസതി പുതുക്കി പണിയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നുമാണ് ആം ആദ്മി പാര്‍ട്ടി നേതാവ് രാഘവ് ഛദ്ദയുടെ വിശദീകരണം. കാലപ്പഴക്കം മൂലം കെട്ടിടത്തിന് നിരവധി കേടുപാടുകള്‍ ഉണ്ടായിരുന്നതായും ആം ആദ്മിയുടെ വിശദീകരണത്തില്‍ പറയുന്നു.