മല്ലപ്പള്ളി : ചായക്കടയില്‍ സ്‌ഫോടനത്തിന് കാരണം സിഗരറ്റിലെ തീ പടര്‍ന്നത്. ആനിക്കാട് പുന്നവേലി പിടന്ന പ്ലാവിലുള്ള ചായക്കടയിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. കടയുടമ പി .എം.ബഷീര്‍, വേലൂര്‍ വീട്ടില്‍സണ്ണി ചാക്കോ , എലിമുള്ളില്‍ ബേബിച്ചന്‍ , ഇടത്തറ കുഞ്ഞി ബ്രാഹിം, നിലമ്പാറ രാജശേഖരന്‍ നൂറോന്മാവ്, ജോണ്‍ ജോസഫ് മാക്കല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. സ്‌ഫോടനത്തില്‍ സണ്ണി ചാക്കോയുടെ കൈപ്പത്തി അറ്റുപോയി. ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
സണ്ണി ചാക്കോയുടെ കൈവശം കിണറ്റിലെ പാറ പൊട്ടിക്കുന്നതിനായി ഉണ്ടായിരുന്ന സ്‌ഫോടക വസ്തുവില്‍ അബദ്ധത്തില്‍ സിഗററ്റിന്റെ തീ മുട്ടിയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ മറ്റുള്ളവരെ മല്ലപ്പള്ളി താലൂക്കാശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. ചൊവ്വാഴ്ച രാവിലെ ഒന്‍പതിനാണ് സ്‌പോടനം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് നല്‍കുന്ന വിശദികരണം ഇങ്ങനെ : കിണറ്റിലെ പാറ പൊട്ടിക്കുന്ന ജോലി ചെയ്യുന്ന ആളാണ് സണ്ണി ചാക്കോ. ഇയാൾ ജോലിക്ക് പോകുന്നതിനായി വീട്ടില്‍ നിന്നും ഇറങ്ങിയത് നേരത്തെ ആയതിനാല്‍ ചായ കുടിക്കുന്നതിനായി കടയില്‍ കയറി. കടയുടെ വരാന്തയില്‍ ഇരുന്നതിനു ശേഷം കയ്യില്‍ കരുതിയിരുന്ന പാറ പൊട്ടിക്കുന്നതിനാവശ്യമായ സ്‌ഫോടക വസ്തു അടങ്ങിയ കവര്‍ അടുത്തിരുന്ന സോഡാ കുപ്പിയുടെ മുകളില്‍ വെച്ചതിനു ശേഷം സിഗറ്റ് വലിച്ചു.
സിഗരറ്റിന്റെ തീ അറിയാതെ മുട്ടിയപ്പോഴാണ് സ്‌ഫോടനം ഉണ്ടായതെന്നാണ്. സ്‌ഫോടനത്തില്‍ കടയിലെ അലമാരയും സോഡാ കുപ്പികളും പൊട്ടി ചിതറിയതിനെ തുടര്‍ന്ന് ചില്ല് തെറിച്ചാണ് മറ്റുള്ളവര്‍ക്ക് പരിക്കേറ്റത്. സ്‌പെഷ്യല്‍ ബ്രാഞ്ച്, ഫോറന്‍സിക് വിദഗ്ധര്‍, വിരളടയാള വിദഗ്ധര്‍, ബോബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് എന്നിവരുടെ നേതൃത്വത്തില്‍ ഉന്നതതല അന്വേഷണം നടത്തി. പ്രദേശവാസികള്‍ തരിച്ചു നിന്നു പോയ നിമിഷമായിരുന്നു ചൊവ്വാഴ്ച രാവിലെ നടന്നത്. പിന്നെ ശബ്ദം കേട്ട സ്ഥലത്തേക്ക് ഓടുകയായിരുന്നു ജനങ്ങള്‍. ജീവന്‍ തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് പരിക്കു പറ്റി ചികിത്സയില്‍ കഴിയുന്നവരും. വീടുകളില്‍ എത്തിയവരും. മൂന്നു കിലോമീറ്റര്‍ ദൂരത്തിലാണ് സ്‌ഫോടനത്തിന്റെ പ്രകമ്പനം ഉണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു.