ജയ്പൂര്‍: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ടിനെതിരെ തുറന്ന പോരിനിറങ്ങിയ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റിനെ പിന്തുണച്ച് ആം ആദ്മി പാര്‍ട്ടിയും രാഷ്ട്രീയ ലോക്‍താന്ത്രിക് പാര്‍ട്ടിയും. സച്ചിന്‍ പൈലറ്റ് അഴിമതിക്കെതിരെ എന്ന പേരില്‍ ഒരു ദിവസത്തെ നിരാഹാര സമരം നടത്തിയതിനു പിന്നാലെയാണ് എ.എ.പിയും ആര്‍.എല്‍.പിയും സച്ചിന്‍ പൈലറ്റിനു മുന്‍പില്‍ വാതില്‍ തുറന്നിട്ടത്. ബി.ജെ.പിയുടെ വസുന്ധര രാജെ സര്‍ക്കാരിന്‍റെ കാലത്തെ അഴിമതികളില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു സച്ചിന്‍ പൈലറ്റിന്‍റെ സമരം.
ഈ വർഷാവസാനം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സച്ചിൻ പൈലറ്റ് സ്വന്തം പാർട്ടി രൂപീകരിച്ച് മത്സരിക്കുകയാണെങ്കിൽ അദ്ദേഹവുമായി സഖ്യമുണ്ടാക്കുമെന്ന് ആര്‍.എല്‍.പി അധ്യക്ഷനും എം.പിയുമായ ഹനുമാൻ ബെനിവാൾ പറഞ്ഞു- “ഷെഖാവതി, മർവാർ മേഖലകളിൽ ആർ.എൽ.പിക്ക് സ്വാധീനമുണ്ട്. സച്ചിന്‍ പൈലറ്റ് ഞങ്ങളോടൊപ്പം വന്നാൽ കിഴക്കൻ രാജസ്ഥാനിൽ ശക്തമായ നിലയിലാകും. സർക്കാർ രൂപീകരിക്കാൻ പോലും ഞങ്ങള്‍ക്ക് കഴിയും”.
രാജസ്ഥാനില്‍ 200 നിയമസഭാ സീറ്റിലും മത്സരിക്കുമെന്ന് എ.എ.പി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സംസ്ഥാനത്ത് ഉയര്‍ത്തിക്കാട്ടാന്‍ ഒരു നേതാവില്ല എന്നതാണ് എ.എ.പി അഭിമുഖീകരിക്കുന്ന പ്രശ്നം. ആം ആദ്മി പാർട്ടിയുടെ രാജസ്ഥാന്‍റെ ചുമതലയുള്ള വിനയ് മിശ്ര ട്വീറ്റ് ചെയ്തതിങ്ങനെ- “ഇന്ന് ആരെങ്കിലും രാജസ്ഥാന്‍ കൊള്ളയടിച്ചിട്ടുണ്ടെങ്കിൽ അത് വസുന്ധര രാജെയുടെയും അശോക് ഗെഹ്‍ലോട്ടിന്റെയും സഖ്യമാണ്. ഇതിന്റെ ഫലമായി രാജ്യത്ത് ഏറ്റവും കൂടുതൽ കടബാധ്യതയുള്ളത് രാജസ്ഥാനാണ് (അഞ്ച് ലക്ഷം കോടി രൂപ). ഇന്ന് വിദ്യാസമ്പന്നനായ സച്ചിൻ പൈലറ്റ് അവരുടെ കൂട്ടുകെട്ട് തുറന്നുകാട്ടുകയാണ്. അതിനാൽ രാജസ്ഥാനിലെ ജനങ്ങൾ അദ്ദേഹത്തെ പിന്തുണയ്ക്കണം”.