പത്തനംതിട്ട : ആറന്മുള പള്ളിയോട സേവാസംഘം ഭരണ സമിതിയെ ഇനി കെഎസ് രാജനും പാര്‍ത്ഥ സാരഥി ആര്‍ പിള്ളയും നയിക്കും. സേവാസംഘം ഭരണ സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പ്രയാര്‍ പള്ളിയോട കരയിലെ കെ.എസ്. രാജന്‍ പ്രസിഡന്റായും ആറാട്ടുപുഴ പളളിയോട കരയിലെ പാര്‍ഥസാരഥി ആര്‍ പിള്ള സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.
കെ.സഞ്ജീവ് കുമാര്‍ (കുറിയന്നൂര്‍) ട്രഷററായും സുരേഷ് ജി പുത്തന്‍പുരയ്ക്കല്‍ (വെണ്‍പാല) വൈസ് പ്രസിഡന്റായും പ്രദീപ് ചെറുകോല്‍ (ചെറുകോല്‍) ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. മൂന്ന് മേഖലകളായി നടന്ന മത്സരത്തില്‍ പടിഞ്ഞാറന്‍ മേഖലയില്‍ നിന്നുള്ള പ്രതിനിധികള്‍ നേരത്തേ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കിഴക്കന്‍ മേഖലയില്‍ നിന്നുള്ള അഞ്ചും മദ്ധ്യ മേഖലയില്‍ നിന്നുള്ള ആറും എക്‌സിക്യൂട്ടീവ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന് വേണ്ടിയാണ് വോട്ടെടുപ്പ് നടത്തിയത്.
മെയ് 9 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റി വെയ്ക്കുകയായിരുന്നു. ഉത്രട്ടാതി വള്ളംകളി സംബന്ധിച്ച് മന്ത്രി വീണ ജോര്‍ജ്ജിന്റെ അധ്യക്ഷതയില്‍ ജൂലൈ 20 ന് ഓണ്‍ലൈനായി നടന്ന അവലോകന യോഗത്തില്‍ ഓഗസ്റ്റ് 1 ന് തെരഞ്ഞെടുപ്പ് നടത്താന്‍ അനുമതി ലഭിച്ചതിനെ തുടര്‍ന്നാണ് കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് തെരഞ്ഞെടുപ്പ് നടത്തിയത്.
കിഴക്കന്‍ മേഖലയില്‍ നിന്ന് 5 പേര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പ്രദീപ് ചെറുകോല്‍ (75), ടി ആര്‍ സന്തോഷ് കുമാര്‍ ഇടക്കുളം (70), കെ സഞ്ജീവ് കുമാര്‍ കുറിയന്നൂര്‍ (62), ചന്ദ്രശേഖരന്‍ നായര്‍ പി. കെ. ഇടപ്പാവൂര്‍ (61), ഹരീഷ് ടി എസ് കോറ്റാത്തൂര്‍ (61) എന്നിവരും മദ്ധ്യമേഖലയില്‍ നിന്ന് ശരത് പുന്നംതോട്ടം (66), രതീഷ് ആര്‍ മോഹന്‍ മാലക്കര (63), പാര്‍ഥസാരഥി ആര്‍ പിള്ള ആറാട്ടുപുഴ (61), എം കെ അജീഷ് കുമാര്‍ കോയിപ്രം (61), പി ആര്‍ ഷാജി തെക്കേമുറി (60), രാധാകൃഷ്ണന്‍ നായര്‍ ഇടശ്ശേരിമല (49) എന്നിവരും, പടിഞ്ഞാറന്‍ മേഖലയില്‍ നിന്ന് എതിരില്ലാതെ കെ എസ് രാജന്‍ പ്രയാര്‍, ബി കൃഷ്ണകുമാര്‍ കൃഷ്ണവേണി വന്മഴി, വി കെ ചന്ദ്രന്‍ പിള്ള ഇടനാട്, കെ ജി കര്‍ത്ത കീഴ്‌ചേരിമേല്‍, സുരേഷ് ജി പുത്തന്‍പുരയ്ക്കല്‍ വെണ്‍പാല, എം കെ ശശികുമാര്‍ കീഴ് വന്മഴി എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. അഡ്വ ബി ഗോപകുമാര്‍ പത്തനംതിട്ട വരണാധികാരിയാ യിരുന്നു.