ചേലക്കര : പാലക്കാട് ആരും പാർട്ടി വിട്ടിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വസ്തുതയില്ലാത്ത വാർത്തയാണ് പ്രചരിക്കുന്നതെന്നും അബ്ദുൾ ഷുക്കൂർ പാർട്ടി വിട്ടിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. എൽഡിഎഫ് കൺവെൻഷനിൽ അബ്ദുൾ ഷുക്കൂർ ഉണ്ടാകും. ചേലക്കരയിൽ ഇടതുപക്ഷത്തിന് ചരിത്ര വിജയം ഉണ്ടാകുമെന്നും പാലക്കാട് മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാം സ്ഥാനത്തേക്ക് കുതിക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ആരോഗ്യ സർവകലാശാലയിലെ വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന്റെ പുനർനിയമനം ചട്ടവിരുദ്ധമെങ്കിൽ സർക്കാർ കോടതിയിൽ പോകണമെന്ന ഗവർണറുടെ നിലപാടിലും അദ്ദേഹം മറുപടി നൽകി.
ഗവർണറുടെ ചീട്ട് വേണ്ടെന്നായിരുന്നു എം വി ഗോവിന്ദന്‍റെ മറുപടി. മോഹനൻ കുന്നുമ്മലിനെ നിയമിച്ചത് നിയമ വിരുദ്ധമായാണ്. ഗവർണറുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കും. വിദ്യാഭ്യാസ മേഖലയിൽ കാവിവത്കരണം നടപ്പാക്കാൻ ഗവർണർ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. എൻസിപി(ശരദ് പവാർ) എംഎൽഎ തോമസ് കെ തോമസ് എൽഡിഎഫിലെ രണ്ട് എംഎൽഎമാർക്ക് കൂറുമാറാൻ 100 കോടി വാഗ്ദാനം ചെയ്തുവെന്ന ആരോപണത്തിലും സിപിഐഎം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചു. വിവാദത്തെക്കുറിച്ച് അറിയില്ല. എൽഡിഎഫ് എംഎൽഎമാരെ വില കൊടുത്ത് വാങ്ങാൻ കഴിയില്ല. സിപിഐഎം ഇക്കാര്യം ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ ബിജെപിയെ ജയിപ്പിച്ചത് കോൺഗ്രസാണ്. പി വി അൻവറിന്റെ സ്ഥാനാർത്ഥി വിഷയമേയല്ല. പാർട്ടി നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്നും അദ്ദേഹം ആവർത്തിച്ചു. പി സരിൻ ഇപ്പോൾ എടുത്ത നിലപാടാണ് പ്രധാനം. പാർട്ടിയെ വിമർശിച്ചു എന്ന പേരിൽ ആരെയും ഒഴിവാക്കിയിട്ടില്ലെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.