കൊല്‍ക്കത്ത : ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായി അവിഷേക് ഡാല്‍മിയ തെരഞ്ഞെടുക്കപ്പെട്ടു. ബിസിസിഐയുടെ മുന്‍ അധ്യക്ഷന്‍ ജഗ്‌മോഹന്‍ ഡാല്‍മിയയുടെ മകനാണ് മുപ്പത്തിയെട്ടുകാരനായ അവിഷേക്. ബിസിസിഐ പ്രസിഡന്റായി നിയമിതനായ സൗരവ് ഗാംഗുലിക്ക് പകരമാണ് നിയമനം. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായി നിയമിതനാവുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയാണ് അവിഷേക്. ഗാംഗുലിയുടെ സഹോദരന്‍ സ്‌നേഹാശിഷാണ് പുതിയ ജോയിന്റ് സെക്രട്ടറി. സൗരവ് ഗാംഗുലി മകള്‍ സനയ്‌ക്കൊപ്പമാണ് പുതിയ ഭാരവാഹികളെ അനുമോദിക്കാന്‍ എത്തിയത്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ബംഗാളിനായി 59 മത്സരങ്ങള്‍ കളിച്ചിട്ടുള്ള സ്‌നേഹാശിഷ് ഗാംഗുലി 39.59 ശരാശരിയില്‍ 2534 റണ്‍സടിച്ചിട്ടുണ്ട്. ലിസ്റ്റ് എ മത്സരങ്ങളില്‍ 18 കളികളില്‍ 18.33 റണ്‍സ് ശരാശരിയില്‍ 275 റണ്‍സാണ് സ്‌നേഹാശിഷിന്റെ നേട്ടം. 2015ല്‍ ജഗൻമോഹൻ ഡാല്‍മിയയുടെ നിര്യാണത്തെത്തുടര്‍ന്നാണ് അവിഷേക് ഡാല്‍മിയ ക്രിക്കറ്റ് ഭരണരംഗത്ത് എത്തിയത്. ഗാംഗുലി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായിരുന്ന കാലയളവില്‍ അവിഷേകായിരുന്നു സെക്രട്ടറി.
സ്‌നേഹാശിഷ് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയായതോടെ ബിസിസിഐ പ്രസിഡന്റിന്റെ സഹോദരന്‍ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനില്‍ പ്രധാന ചുമതലയിലെത്തുന്ന അപൂര്‍വ ചരിത്രവും പിറന്നു. അതേസമയം ഇരുവരുടെയും ബന്ധുവായ ദേബാശിഷാണ് നിലവില്‍ ബിസിഎയുടെ ട്രഷറര്‍.