അബുദാബി : ബിഗ് ടിക്കറ്റ് അബുദാബി നറുക്കെടുപ്പിൽ കാസർകോട് സ്വദേശിക്കും നാലു മലയാളി സുഹൃത്തുക്കൾക്കും 23 കോടി രൂപയുടെ ഭാഗ്യ സമ്മാനം. കാസർകോട് സ്വദേശിയായ റാസൽഖൈമയിൽ താമസിക്കുന്ന താഹിർ മുഹമ്മദിനാണ് 23 കോടിയിലേറെ രൂപയുടെ (12 ദശലക്ഷം ദിർഹം) സമ്മാനം ലഭിച്ചത്. റാസൽഖൈമയിൽ താമസിക്കുന്ന കാസർകോട് ഉപ്പള ബൈദല സ്വദേശി താഹിർ മുഹമ്മദ് കഴിഞ്ഞ മാസം 30ന് എടുത്ത 027700 എന്ന ടിക്കറ്റാണ് നറുക്ക് വീണത്. വർഷങ്ങളായി കുടുംബസമേതം റാസൽഖൈമയിലാണ് താഹിർ താമസിച്ചു വരുന്നത്.
നറുക്കെടുപ്പിലെ മറ്റു വിജയികളും ഇന്ത്യക്കാരാണ്. രണ്ടാം സമ്മാനമായ 20 കോടിയോളം രൂപ നൈന മുഹമ്മദ് റഫീഖിനാണ് ലഭിച്ചത്. രണ്ട് കോടി രൂപയോളം സമ്മാനത്തുകയുള്ള മൂന്നാം സമ്മാനം പി.വി സജിത് കുമാറും നാലാം സമ്മാനം (80,000 ദിർഹം) ഹാരെൻ ജോഷിയും നേടി. നേരത്തെ അബുദാബി ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ് എന്നറിയപ്പെട്ടിരുന്ന ബിഗ് ടിക്കറ്റ് എല്ലാ മാസവും മൂന്നാം തിയതിയാണ് നറുക്കെടുക്കുന്നത്. നൈന മുഹമ്മദ് റഫീറിന് ലഭിച്ച 20 കോടി രൂപ അബുദാബി ബിഗ് ടിക്കറ്റിലെ ഇതുവരെയുള്ളതിൽ ഏറ്റവും വലിയ രണ്ടാം സമ്മാനമാണ്.